കോട്ടയം: പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് വിദേശ വ്യവസായിയെയും ക്വാറി ഉടമയെയും നാലരക്കോടി രൂപ കബളിപ്പിച്ചുവെന്ന പരാതിയിൽ കോട്ടയം ഹോട്ടൽ രാജധാനി ബാർ ഉടമകൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് വെസ്റ്റ് പോലീസ് കേസ് എടുത്തു. ഏറ്റുമാനൂർ ചിറയിൽ തോംസൺ വില്ലയിൽ ജെയ്സനാണ് പരാതിക്കാരൻ. തിരുനക്കരയിലെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന രാജധാനി ബാർ ഹോട്ടലിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഹോട്ടൽ നടത്തിപ്പിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ജെയ്സൺ ലൂക്കോസിന്റെയും വിദേശ വ്യവസായി ജോബിൻസ് ജോസിന്റെയും കൈയിൽ നിന്നും പല തവണയായി നാലരക്കോടി രൂപ വാങ്ങുകയും ഒടുക്കം പങ്കാളിത്തം നൽകാതെ കബളിപ്പിക്കുകയും ചെയ്തതിനാണ് കോട്ടയം വെസ്റ്റ് പോലീസ് ബാർ ഉടമയായ ബിനിത് രാധാകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ബിനിത് രാധാകൃഷ്ണനും ഭാര്യ ആശയുമാണ് ഹോട്ടൽ രാജധാനിയുടെ ഉടമകൾ. കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി കോട്ടയം ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി പി.കെ സാബുവിനാണ് അന്വേഷണ ചുമതല. ബിനിത്ത് ലൈസൻസി ആണെന്ന് തെറ്റിധരിപ്പിച്ച് ഹോട്ടൽ രാജധാനിയിൽ 2.20 കോടി രൂപയ്ക്ക് ഫോർസ്റ്റാർ ക്ലാസിഫിക്കേഷൻ ഉൾപ്പെടെ എല്ലാവിധ ലൈസൻസ് നടപടികളും നവീകരണവും പൂർത്തിയാക്കി, 48 ശതമാനം ഷെയർ വാഗ്ദാനം ചെയ്ത് 2020 ഫെബ്രുവരി ഒമ്പതിന് എഗ്രിമെന്റിൽ ഏർപ്പെട്ടതിന് ശേഷം 2021 ഒക്ടോബർ വരെ ജെയ്സന്റെയും ഭാര്യയുടേയും സുഹൃത്ത് ജോബിന്റെയും വിവിധ ബാങ്ക് അക്കൌണ്ടുകൾ മുഖാന്തിരം പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 4.12 കോടി രൂപ വാങ്ങിയെടുത്തു. എന്നിട്ട് നാളിതു വരെ പാർട്ണർഷിപ്പ് ബിസിനസിൽ ചേർക്കാതെയും എഗ്രിമെന്റിന് വിരുദ്ധമായി മറ്റൊരാളുമായി ചേർന്ന് ഹോട്ടൽ നവീകരിച്ച് മറിച്ചു വിൽപ്പനയ്ക്ക് ശ്രമിച്ച് തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.
നേരത്തേ, കണ്ണൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സിവിൽ കേസ് നടത്തിപ്പിനായി എറണാകുളത്തെ ഒരു ലീഗൽ കൺസൾട്ടൻസി സ്ഥാപനത്തെ പവർ ഓഫ് അറ്റോർണിയായി നിയോഗിച്ചിരുന്നു. കേസ് നടത്തിപ്പിനിടെ പവർ ഓഫ് അറ്റോർണിയിൽ നിന്നൊഴിവാക്കിയതു മൂലം സ്ഥാപനത്തിനുണ്ടായ സാമ്പത്തിക ബാദ്ധ്യത ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ സ്ഥാപനത്തിൽ നിന്നും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും സ്റ്റാമ്പ് പേപ്പറുകളും മോഷ്ടിച്ചതിനും ഗൂണ്ടകളെ വിട്ടു ഭീഷണിപ്പെടുത്തിയതിനും എറണാകുളം സെൻട്രൽ പൊലീസും ബിനിത്തിനും ഭാര്യ ആശയ്ക്കുമെതിരെ രജിസ്റ്റർ ചെയ്ത മറ്റൊരു കേസും പൊലീസ് അന്വേഷണത്തിലാണ്. 25 ലക്ഷം രൂപ ലീഗൽ കൺസൾട്ടൻസി സ്ഥാപനത്തെ കബളിപ്പിച്ചുവെന്നാണ് കേസ്. കൂടാതെ ഏതാനും വർഷം മുമ്പ് അനധികൃത നിർമാണം മൂലം സ്ലാബ് തകർന്നുവീണ് രാജധാനി ബാർ അങ്കണത്തിൽ വഴിയാത്രക്കാരൻ മരിക്കാൻ ഇടയായ സംഭവത്തിലും ബിനിത് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
രാജധാനി ഹോട്ടൽ ഉടമകൾ ആയ ബിനിത് രാധാകൃഷ്ണനും ഭാര്യയും നിരവധി വ്യവസായികളിൽ നിന്നും ബാറിൽ പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് മുമ്പും പണം തട്ടിയിട്ടുണ്ടെങ്കിലും ഇപ്പോൾ ബിനാമിയായി രാജധാനി ബാർ എടുത്തിരിക്കുന്ന ഭരണപക്ഷക്കാരനായ കോട്ടയത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സംരക്ഷണ ഉണ്ടായത് കൊണ്ടാണ് പല പരാതികളും കേസുകളായി രജിസ്റ്റർ ചെയ്യാതെ പോയത്. വിവരാവകാശ പ്രകാരം കോട്ടയം നഗരസഭ നൽകിയ മറുപടിയിൽ ഹോട്ടൽ രാജധാനിയുടെ നവീകരണ പ്രവർത്തനത്തിൽ അടിമുടി ചട്ട ലംഘനങ്ങൾ ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്. രണ്ടു മാസങ്ങൾക്കു മുൻപ് മേൽ പറഞ്ഞ രാഷ്ട്രീയ നേതാവ് കോട്ടയം നഗരസഭയുടെ മേളിൽ വൻ സമ്മർദ്ദം ചെലുത്തി ലൈസൻസ് പുതുക്കി ഹോട്ടൽ പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും തിരുവനന്തപുരത്തു നിന്നും ചീഫ് ടൗൺ പ്ലാനറുടെ കർശന ഇടപെടലുണ്ടായതിനാലാണ് കോട്ടയം നഗരസഭ ലൈസൻസ് പുതുക്കി നൽകാതിരുന്നത്.
ഇലക്ഷന് മുൻപ് ബിനാമിയെ വച്ചു ബാർ ഹോട്ടൽ തുറപ്പിക്കാൻ ഉള്ള ശ്രമം പരാജയപ്പെടുകയും നിക്ഷേപിച്ച പണം നഷ്ടപ്പെടുമെന്ന് ഉറപ്പാക്കുകയും ചെയ്തപ്പോഴാണ് നാളിതുവരെ രാജധാനി ബാർ ഉടമകളുടെ സകല തട്ടിപ്പുകൾക്കും സംരക്ഷകനായിരുന്ന കോട്ടയത്തെ മുതിർന്ന രാഷ്ട്രീയ നേതാവ് പിന്മാറുകയും നാലര കോടിയുടെ തട്ടിപ്പ് പുറത്തു വരികയും ചെയ്തത്.


