അടൂർ – ലൈഫ്‌ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ ലാപറോസ്കോപിക് ഹെർണിയ ശിൽപ്പശാല സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധർ പങ്കെടുത്ത ഈ പരിപാടിയുടെ ഉദ്‌ഘാടനം ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ നിർവഹിച്ചു. ലൈഫ് ലൈൻ ചീഫ് ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജൻ ഡോ. മാത്യൂസ് ജോൺ അധ്യക്ഷത വഹിച്ചു.
ലൈവ് ഹൈ- ഡെഫിനിഷൻ ശസ്ത്രക്രിയാ പ്രദർശനങ്ങൾ, ക്രമബദ്ധമായ ശാസ്ത്രീയ സെഷനുകൾ, അഡ്വാൻസ്ഡ് ലാപറോസ്കോപിക് സാങ്കേതിക വിദ്യകളിലുള്ള പരിശീലനം എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കൃത്യതയാർന്ന ശസ്ത്രക്രിയ, മെഷ് സ്ഥാപിക്കുന്നതിലെ മികവ്, സൂക്ഷ്മമായ അനാട്ടോമിക്കൽ ഡിസെക്ഷൻ, രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രോട്ടോകോളുകൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിരുന്നു.
വിവിധ സെഷനുകളിലെ ചർച്ചകൾക്കു ഹെർണിയ ശസ്ത്രക്രിയയിലെ ഗവേഷണത്തിലും നവീകരണത്തിലും അന്താരാഷ്ട്ര തലത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ശ്രീ ബ്രൂൺ തിയറി (ഫ്രാൻസ് ), ശ്രീ ബ്രാൻഡൻ ബ്രോണാർസ് (ഓസ്ട്രേലിയ), ശ്രീ വിവിയൻ ഗോ (സിംഗപ്പൂർ), ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, ഡോ മാത്യൂസ് ജോൺ, എന്നിവർ നേതൃത്വം വഹിച്ചു. പുതിയ തലമുറ ഹെർണിയ ഉപകരണങ്ങളുടെ വികസനം—മെഷ് ടെക്‌നോളജി, ബയോമാറ്റീരിയൽസ്, ഫിക്ഷേഷൻ സംവിധാനങ്ങൾ, ദീർഘകാല രോഗി ഫലങ്ങൾ എന്നിവ—കേന്ദ്രകരിച്ച് വിശദമായ ചർച്ചകൾ നടന്നു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ നേരിട്ട് പങ്കെടുക്കുകയും ശസ്ത്രക്രിയകൾ നിരീക്ഷിക്കുകയും ശാസ്ത്രീയ ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തതിലൂടെ ലൈഫ് ലൈനിന്റെ ഉയർന്ന നിലവാരവും ആഗോള പ്രസക്തിയും കൂടുതൽ ശക്തിപ്പെട്ടു. ശില്പശാലക്കിടയിൽ വിദഗ്ദ്ധ സംഘം ലൈഫ് ലൈൻ ആശുപത്രിയിലെ ആധുനിക മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ സന്ദർശിക്കുകയും, ഡോ. മാത്യൂസ് ജോൺ നടത്തിയ ലൈവ് ലാപറോസ്കോപിക് ഹെർണിയ ശസ്ത്രക്രിയ നിരീക്ഷിക്കുകയും ചെയ്തു. ഈ അക്കാദമിക്-ശാസ്ത്രീയ സംയോജനം ലൈഫ്‌ലൈൻ ആശുപത്രിയെ ലാപറോസ്കോപിക് ഹെർണിയ ശസ്ത്രക്രിയയിലെ ഉയർന്ന നിലവാരമുള്ള കേന്ദ്രമായി ഉയർതുന്നതിനു നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്.


