തിരുവല്ല – കുടുംബശ്രീയുടെ മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടറുകൾക്ക് ജില്ലയിൽ തുടക്കം. തിരുവല്ല തിരുമൂലപുരം എം ഡി എം ജൂബിലി ഹാളിനു സമീപം ആരംഭിച്ച മീറ്റ് പോയിന്റ് ടേക്ക് എവേ കൗണ്ടർ നഗരസഭ വൈസ് ചെയർമാൻ കെ വി വർഗീസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഈസ്റ്റ് സി ഡി എസ് ചെയർപേഴ്‌സൺ ഉഷ രാജേന്ദ്രൻ അധ്യക്ഷയായി. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗറ്റ്‌സ്, കബാബ്, മോമോസ്, സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്പ്, ചിക്കൻ ബ്രീഡഡ് പോപ്‌സ്, ചിക്കൻ മീറ്റ് റോൾസ് ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ ലഭിക്കും. കുടുംബശ്രീ കഫെ യൂണിറ്റുകൾക്ക് സ്ഥിരവരുമാന മാർഗം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യൂണിറ്റ് അംഗങ്ങൾക്ക് മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കൽ, ചേരുവകളുടെ സംസ്‌കരണം, ഫുഡ് പാക്കിങ്, പർച്ചേസിങ്, മാർക്കറ്റിങ് മേഖലകളിൽ സമഗ്ര പരിശീലനം നൽകിയിട്ടുണ്ട്.
തിരുവല്ല നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ രമ്യ സന്തോഷ്, സാറാമ്മ ഫ്രാൻസിസ്, റീന മാത്യു, വാർഡ് കൗൺസിലർ റേച്ചൽ ലൈജു സക്കറിയ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ആദില, അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ കെ ബിന്ദുരേഖ, എൻയുഎൽഎം സിറ്റി മിഷൻ മാനേജർ അജിത്ത് സതീഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അർജുൻ സോമൻ, തിരുവല്ല ഈസ്റ്റ് സിഡിഎസ് മെമ്പർ സെക്രട്ടറി സി സുനിൽ, യൂണിറ്റ് സെക്രട്ടറി മേരി ജിംസി എന്നിവർ പങ്കെടുത്തു.


