സന്നിധാനത്ത് പഞ്ചലോഹ അയ്യപ്പ വിഗ്രഹത്തിന്റെ പേരിൽ തട്ടിപ്പിന് ശ്രമം : സ്‌പെഷൽ കമ്മിഷണറും ഹൈക്കോടതിയും ചേർന്ന് പൊളിച്ചടുക്കി

Kerala Pathanamthitta
Print Friendly, PDF & Email

ശബരിമല: സ്‌പെഷ്യൽ കമ്മിഷണറുടേയും ഹൈക്കോടതിയുടേയും ഇടപെടലിനെ തുടർന്ന് ഇല്ലാതായത് വൻ തട്ടിപ്പ്. സന്നിധാനത്ത് പഞ്ചലോഹം കൊണ്ട് രണ്ട് അടി ഉയരവും108 കിലോഗ്രാം ഭാരവുമുള്ള അയ്യപ്പവിഗ്രഹം സ്ഥാപിക്കാൻ ഈറോഡ് സ്വദേശികളായ രണ്ട് പേർ നടത്തിയ നീക്കമാണ് തകർത്തത്.

നിർമാണത്തിന് ഒമ്പതു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. സംഭാവന ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും പുറത്തിറക്കി. ഇതിൽ സംഭവന അയയ്‌ക്കേണ്ട ബാങ്കിന്റെ അക്കൗണ്ട് നമ്പരും നല്കിയിട്ടുണ്ട്. പഞ്ചലോഹ അയ്യ പ്പ വിഗ്രഹം നിർമ്മി ക്കുന്ന വിവരങ്ങളും മറ്റ് വിശദീകരണവുമുള്ള ലഘുലേഖയ്‌ക്കൊപ്പം പഞ്ചലോഹ അയ്യപ്പ വിഗ്രഹം നിർമ്മിക്കാനുള്ള അപേക്ഷയിൻമേൽ അനുമതി നല്കി ക്കൊണ്ട് ദേവസ്വം സെക്രട്ടറി എക്‌സിക്യുട്ടീവ് ഓഫീസർക്ക് നൽകിയ ജൂലൈ നാല് എന്ന് രേഖപ്പെടുത്തിയ ബോർഡിന്റെ കത്തും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പിന് ശ്രമം. ഇത് ശ്രദ്ധയിൽപ്പെട്ട ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കിയതിന്റെ അടിസ്ഥാനത്തിൽ ജൂലൈയിൽ തന്നെ വിഗ്രഹ നിർമ്മാണം ഹൈക്കോടതി സ്‌റ്റേ ചെയ്തു..

വിഗ്രഹ നിർമ്മാണം നടത്താൻ മുന്നിട്ടിറങ്ങിയവർക്കെതിരെ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അംഗീകാരത്തോടെയാണ് സന്നിധാ നത്ത് പഞ്ചലോഹ വിഗ്രഹം നിർമ്മിക്കുന്നതെന്നു കാണിച്ചുള്ള കത്താണ് ഈ റോഡ് സംഘത്തിന്റെ കൈയിൽ ഉള്ളത്. ഡോ.ഇ.കെ.സഹദേവൻ ദേവസ്വം ബോർഡിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചലോഹ അയ്യപ്പവിഗ്രഹ നിർമ്മാണത്തിന് അനുമതി നല്കിക്കൊണ്ട് ദേവസ്വം സെക്രട്ടറി ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർക്ക് അയച്ച ആർ.ഒ.സി 55 നമ്പർ കത്തും ലഘു വിശദീകരണത്തിനൊപ്പം ഇവർ ചേർത്തിട്ടുണ്ട്. അയ്യപ്പക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹം ഉണ്ടാക്കാൻ ദൈവീക ദൗത്യത്തിനായി സംഭാവന നല്കാനുള്ള അഭ്യർത്ഥന എന്നാണ് കത്തിന്റെ തലക്കെട്ട്. ക്ഷേത്ര ആരാധനയ്ക്കായി അയ്യപ്പ സന്നിധാനത്ത് വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചതായും ഇത് സാധാരണ പ്രതിമയല്ലെന്നും മനുഷ്യ ശരീരത്തിലെ ഏഴ് ചക്രങ്ങളുടെ ആത്മീയ ഊർജം പ്രതിഫലിപ്പിക്കുന്ന ശില്പ നിയമങ്ങൾക്ക്
അനുസൃതമായി രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആത്മീയ ശ്രമമായിരിക്കും ഇതെന്നും ഇവർ പ്രചരിപ്പിച്ച കത്തിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *