പത്തനംതിട്ട: ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ മുൻകാല പ്രാബല്യം വിണ്ടും നിഷേധിച്ചതിനെതിരെ
കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ ഉത്തരവിൻ്റെ പകർപ്പ് കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു. മുൻകാല പ്രാബല്യം നിഷേധിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ 33 മാസത്തെ ഡിഎ കുടിശികയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ മുൻകാല പ്രാബല്യം അനുവദിക്കാതെ ഉത്തരവിറക്കി മനപൂർവ്വം ശമ്പളം പിടിച്ചെടുക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് വിനോദ് കുമാർ ആവശ്യപ്പെട്ടു.
കേരളത്തിൽ ജോലി ചെയ്യുന്ന ഐഎഎസ് ഐപിഎസ് ഐ എഫ് എസ് കാർക്ക് 2025 ജൂലൈയിലെ ഡി എ പോലും അനുവദിച്ച് നൽകുമ്പോഴാണ് സംസ്ഥാന ജീവനക്കാർക്ക് 2023 ജനുവരിയിൽ ലഭിക്കേണ്ട ഡി എ ഇപ്പോൾ അനുവദിച്ചിട്ട് അതിൻ്റെ കുടിശ്ശിക നൽകാത്തത്.
ഇത്തരം വിവേചനങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബി പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് അബു കോശി, വിഷ്ണു സലിംകുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി അനിൽകുമാർ ജി, പിക്കു വി സൈമൺ, അനു കെ അനിൽ, ദർശൻ ഡി കുമാർ, ജോർജ് പി ദാനിയേൽ,ഷെബിൻ വി ഷെയ്ക്ക്, സോഫി കെ തമ്പാൻ, പ്രസാദ്,അനിൽ കുമാർ, സുനിൽ വി കൃഷ്ണൻ, അൽ അമീൻ, ജുഫാലി മുഹമ്മദ് ,നജീബ്, സീന, മഞ്ജു തുടങ്ങിയവർ പ്രസംഗിച്ചു.


