റാന്നി: താലൂക്കാശുപത്രിയുടെ പുതിയ കെട്ടിട നിർമാണോദ്ഘാടനം കഴിഞ്ഞു വെച്ചൂച്ചിറയിലേക്കു പോകവേയാണ് മന്ത്രി വീണാ ജോർജിന്റെ കാറിന് മുന്നിലേക്ക് കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തിയത്. ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരുമായി വാഹനത്തിൽ നിന്നു ചാടി ഇറങ്ങി തർക്കമുന്നയിച്ച് മന്ത്രി വീണാ ജോർജ്. അവസാനം പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഞായറാഴ്ച വൈകുന്നേരം 5.15 ഓടെ പിഎം റോഡിൽ റാന്നി മിനർവപ്പടിക്കു സമീപമാണ് സംഭവം.
പ്രതിഷേധം കണ്ട് മന്ത്രി കാർ നിർത്തി ക്ഷോഭത്തോടെ പുറത്തിറങ്ങി. പോലീസിനോടു മാറി നിൽക്കാൻ ആവശ്യപ്പെട്ട മന്ത്രി താൻ കൈകാര്യം ചെയ്യാമെന്ന നിലപാടിലായി. തുടർന്ന് പ്രവർത്തകരുമായി വാക്കേറ്റമായി. നിങ്ങൾ അഞ്ചുപേർ മാത്രമേയുള്ളൂവോയെന്നു ചോദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മന്ത്രി ചൊടിപ്പിച്ചു. നിങ്ങൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും മന്ത്രി ആരാഞ്ഞു.
തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുമ്പിൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണെന്ന് നേതാക്കൾ പറഞ്ഞപ്പോൾ നിങ്ങൾ ആയിരം രൂപയല്ലേ കൊടുത്തതെന്ന് മന്ത്രി വീണാജോർജ് തിരിച്ചു പറഞ്ഞു. ഇവിടെ നടത്തുന്ന ഷോയൊക്കെ അവിടെ സമരപന്തലിൽ കാണിക്കാമോയെന്ന് മന്ത്രിയോടു പ്രവർത്തകർ. അഞ്ചു മിനിട്ടോളം നടുറോഡിൽ മന്ത്രിയും യൂത്ത് കോൺഗ്രസുകാരും തമ്മിൽ തർക്കിച്ചു. ഇതിനിടെ സിപിഎം പ്രവർത്തകർ സ്ഥലത്തെത്തിയതോടെ സംഘർഷമായി. യൂത്ത് കോൺഗ്രസുകാരെ ഇവർ കൈയേറ്റം ചെയ്യുമെന്ന ഘട്ടമെത്തിയതോടെ പോലീസ് ഇടപെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്ത് സ്ഥലത്തു നിന്ന് നീക്കി. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇതിനിടെ യൂത്ത് കോൺഗ്രസുകാരെ റിമാൻഡ് ചെയ്യാൻ ജില്ലാ പോലീസ് ഇടപെട്ടതായി ആരോപണമുണ്ടായി.
ആന്റോ ആന്റണി എംപിയും മറ്റൊരു പരിപാടിക്ക് ജില്ലയിലുണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഇടപെട്ടതിനേ തുടർന്നാണ് വിട്ടയച്ചത്. മന്ത്രിയുമായി തർക്കം നടന്നപ്പോൾ ഏതാനും പോലീസുകാർ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നള്ളു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി, റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ, ഭാരവാഹികളായ ആരോൺ ബിജിലി പനവേലിൽ, ജെറിൻ പ്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി.


