പത്തനംതിട്ട നഗരത്തിന്റെ മുഖം മാറുന്നു ; ടൗൺ സ്‌ക്വയർ സ്‌പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഗരസഭയുടെ പദ്ധതി പ്രകാരം അബാൻ ജംഗ്‌ഷനിൽ പണികഴിപ്പിച്ച പത്തനംതിട്ട ടൗൺ സ്‌ക്വയർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു, വികസന കാര്യങ്ങളിൽ ജനങ്ങളെ കൂടി പങ്കാളിയാക്കുന്ന രീതിയുണ്ടായെങ്കിൽ മാത്രമേ വികസന പ്രവർത്തനങ്ങൾ പൂർണമാകൂ.. സർക്കാർ ഫണ്ടുകൾ കൊണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകൾ കൊണ്ടും മാത്രം ശരിയായ വികസനം നടത്താനാകില്ല. പണം സ്വരൂപിക്കാൻ ജനങ്ങളെക്കൂടി ഭാഗമാക്കണം. ആവശ്യത്തിന്‌ ഭൂമി വാങ്ങണം. ഭൂമിയുണ്ടെങ്കിൽ വിവിധ പദ്ധതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാണ്‌. മാലിന്യ സംസ്‌കരണത്തെക്കുറിച്ച്‌ പൊതുബോധം വളർത്തിയെടുക്കണം. അവരവരുടെ മാലിന്യം മറ്റുള്ളവരുടെ പറമ്പിൽ തള്ളുകയെന്ന മാനസികാവസ്ഥ മാറണം. പ്രഭവ സ്ഥലത്തുതന്നെ മാലിന്യം സംസ്‌കരിക്കുന്ന രീതിയിൽ പദ്ധതി നടപ്പാക്കണം. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചയ്‌ക്കും അനുവദിക്കരുത്‌. ആരോഗ്യമന്ത്രി മുൻകൈയ്യെടുത്ത് സംസ്ഥാനത്ത്‌ പുതിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്‌. മലബാർ ക്യാൻസർ സെന്ററിൽ മുപ്പത്‌ വയസിന്‌ മുകളിലുള്ള സ്‌ത്രീകൾക്ക്‌ മാമോഗ്രാം ഉൾപ്പെടെ ക്യാൻസർ പരിശോധന ആരംഭിച്ചു. ഇത്‌ സംസ്ഥാനത്താകെ നടപ്പാക്കാനാണ്‌ സർക്കാർ ആലോചിക്കുന്നത്‌. ഇത്തരം നടപടികൾക്ക്‌ ജനങ്ങളുടെയാകെ പിന്തുണയുണ്ടാകണമെന്നും ഷംസീർ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വികസനത്തിൽ രാഷ്ട്രീയം കാണാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺ സ്‌ക്വയറിൽ സ്ഥാപിച്ച പത്തനംതിട്ട ജില്ലയുടെ പിതാവ് കെകെ നായരുടെ പ്രതിമയുടെ അനാശ്ചാദനവും അദ്ദേഹം നിവ്വഹിച്ചു.

നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പരിപാടിയിൽ അദ്ധ്യക്ഷനായി. ജസ്റ്റിസ് ഫാത്തിമാ ബീവി സ്‌മാരക ഗേറ്റ്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ ചെയർപേഴ്‌സൺ ആമിന ഹൈദരാലി സ്വാഗതം പറഞ്ഞു. കെകെ നായർ പ്രതിമ നിർമ്മിച്ച ശില്പി തോമസിനെയും, കോൺട്രാക്ടർ, പ്ലാനർ തുടങ്ങിയവരെ നഗരസഭാ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. നഗരസഭ കൗൺസിലറന്മാരും, ജീവനക്കാരും, കെകെ നായർ ഫൗണ്ടേഷനും നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈന് പുരസ്കാരം നൽകി ആദരിച്ചു. കെ കെ നായർ ഫൗണ്ടേഷൻ ചെയർമാൻ സി കൃഷ്‌ണകുമാർ, നഗരസഭാ സെക്രട്ടറി മുംതാസ്‌ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം വി സഞ്‌ജു, എൽഡിഎഫ്‌ പാർലമെന്ററി പാർട്ടി നേതാവ്‌ പി കെ അനീഷ്‌, മുൻ എംഎൽഎ ആർ ഉണ്ണികൃഷ്‌ണപിള്ള, ജസ്റ്റീസ് ഫാത്തിമ ബീവിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ദുൾ ഖാദർ , ആർ സാബു തുടങ്ങി നിരവധി പ്രമുഖരും, വൻജനാവലിയും പരിപാടികളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *