ആലപ്പുഴ ; പേവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവിൺ ഡി കൃഷ്ണ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. രണ്ടാഴ്ച മുമ്പ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവിലെ പട്ടി ആക്രമിക്കുന്നത്. എന്നാൽ ഈ വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് പനി ബാധിച്ച കുട്ടിയെ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കാണിച്ചത്. നായയുടെ ആക്രമണത്തിനിടെ കുട്ടിയുടെ തുടയിൽ പരിക്കേറ്റിരുന്നു. ഇത് നായയുടെ നഖം കൊണ്ടുള്ള പോറലാകാമെന്നാണ് കരുതുന്നത്.
ഫെബ്രുവരി ആറിനാണ് പേവിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. വീടിന് സമീപത്തു വച്ച് പട്ടി ആക്രമിച്ചതായി കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോൾ കുട്ടി സൈക്കിളിൽ നിന്ന് വീണിരുന്നു. തുടയിൽ ചെറിയ പോറലുണ്ടായിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല. കുട്ടിയുടെ വീടിനു സമീപത്തെ പ്രദേശവാസികളും പ്രദേശത്തെ കുട്ടികളും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.


