അയിരൂർ: 113 വർഷം മുൻപ് തുടക്കം കുറിച്ച ഹിന്ദുമത പരിഷത്തിന്റെ പ്രസക്തി ഇക്കാലഘട്ടത്തിലും പ്രസക്തമായി തുടരുന്നെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. പമ്പാ മണൽ പുറത്തെ വിദ്യാധിരാജ നഗറിൽ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു മതം കേവലം ഒരു മതമല്ലെന്നും മനുഷ്യന്റെ ജീവിത വഴിയാണെന്നും അദ്ദേഹം പറഞ്ഞു. വസുധൈവ കുടുംബകമെന്ന ആശയം ലോകത്തിനു സംഭവന ചെയ്തത് സനാതനധർമ്മമാണ്. ധർമ്മം എന്നത് സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്ന രീതിയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കൊല്ലം പന്മന ആശ്രമത്തിലെ ജ്യോതി പ്രയാണ ഘോഷയാത്ര, എഴുമറ്റൂർ ശ്രീ പരമ ഭട്ടാരക ആശ്രമത്തിൽ നിന്നുമുള്ള ഛായാ ചിത്ര ഘോഷയാത്ര, അയിരൂർ പുതിയകാവിൽ നിന്നുമുള്ള പതാക ഘോഷയാത്ര, സദാനന്ദപുരം അവധുതാശ്രമത്തിൽ നിന്നുള്ള പദയാത്ര സമന്വയിച്ചു ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ സ്മൃതി മണ്ഡപത്തിൽ ഒത്തുചേർന്നതോടെയാണ് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായത്.

ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ് നായർ അധ്യക്ഷത വഹിച്ചു, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായൺ എം.എൽ.എ, പെരുംകുളം ചെങ്കോൽ ആധീനം ശിവപ്രകാശ ദേശിക സത്യജ്ഞാന പണ്ടാര സന്നിധി സ്വാമികൾ,വാഴൂർ തീർത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ, സദാനന്ദപുരം അവധൂദാശ്രമം മഠാധിപതി ചിദാനന്ദ ഭാരതി സ്വാമികൾ തുടങ്ങിയവർ പങ്കെടുത്തു.


