പത്തനംതിട്ട – കുമ്പഴയിൽ തമിഴ്‌നാട് സ്വദേശിനിയായ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അലക്സ് പാണ്ട്യന് വധശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി -1 ന്റെതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയിൽ വ്യക്തമാക്കി.
പത്തനംതിട്ട കുമ്പഴയിൽ 2021 ഏപ്രിൽ 5 നായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടർച്ചയായ മർദ്ദനം മരണ കാരണമായെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. 5 വയസ്സുകാരിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോൾ ചലനമറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തി. ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ ഒഴിവാക്കാനായിരുന്നു പ്രതി ക്രൂരക്രത്യം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്നു രണ്ടാനച്ഛൻ. കൊലപാതകം സ്ഥിരീകരിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാൽ രാത്രി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ ഇയാളെ തൊട്ടടുത്ത ദിവസം നാട്ടുകാരുടെ സഹയത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിചാരണ വേളയിൽ കോടതി വളപ്പിൽ പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി (No.1) യുടെ സുപ്രധാന വിധിയാണിത് .


