വഖഫ് നിയമം അടിയന്തരമായി ഭേദഗതി ചെയ്യണം : നാഷണൽ ക്രിസ്ത്യൻ മൂവ്‌മെന്റ്

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: വർഷങ്ങളായി ഉടമസ്ഥാവകാശവും കൈവശാവകാശ സർട്ടിഫിക്കറ്റും ഉള്ള ജനങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്ന കിരാതമായ വഖഫ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഭേദഗതി ചെയ്യണമെന്നും അതിലൂടെ മുനമ്പം കടപ്പുറത്തെ 600 ൽ അധികം കുടുംബങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ സംരക്ഷണത്തിന് സർക്കാർ തയ്യാറാകണമെന്നും നാഷണൽ ക്രിസ്ത്യൻ മൂവ്‌മെന്റ് ഫോർ ജസ്റ്റിസ് സംസ്ഥാന നേതൃയോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു . ലക്ഷദ്വീപിനു വേണ്ടിയും ഹമാസിനു വേണ്ടിയും തെരുവിൽ ഇറങ്ങിയ കേരളത്തിലെ ജനപ്രതിനിധികൾ മുനമ്പം കടപ്പുറത്തെ നിരപരാധികളുടെ ദുഃഖം കാണാതെ പോകുന്നത് ദുഃഖകരമാണ്. വഖഫ് നിയമം അടിയന്തരമായി ഭേദഗതി ചെയ്യുവാനുള്ള ക്രമീകരണം കേന്ദ്രസർക്കാർ ചെയ്യണം. നീതി നിഷേധിക്കപ്പെട്ടവരെ രക്ഷിക്കുവാനുള്ള ഈ ശ്രമത്തിന് എതിരെ നിൽക്കുന്ന കേരള സർക്കാരും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുവാനുള്ള പണിപ്പുരയിൽ ആണെന്ന് ഓർക്കണം എന്നും നേതൃയോഗം അഭിപ്രായപ്പെട്ടു. നിയമം ദുരുപയോഗം ചെയ്ത് നിയമത്തിന്റെ മറവിൽ രാജ്യത്ത് ഉടനീളം ഭൂമികൾ തട്ടിയെടുക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരുന്നു. പാർലമെന്റിൽ അവതരിപ്പിക്കുന്ന നിയമ ഭേദഗതിയെ സ്വാഗതം ചെയ്യുന്നു. വോട്ട് ബാങ്ക് ലക്ഷ്യമാക്കി കേരളാ എംപിമാർ നടത്തുന്ന പ്രീണന രാഷ്ട്രീയം രാജ്യ താൽപര്യത്തിന് എതിരാണ് എന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, ട്രഷറാർ റവ. എൽ ടി. പവിത്രസിംഗ,് അഡൈ്വസറി കൗൺസിൽ അംഗങ്ങളായ ഫാ. പി. എ. ഫിലിപ്പ്, ഫാ. ബന്യാമിൻ ശങ്കരത്തിൽ, ഫാ. ജോണിക്കുട്ടി, ഫാ. ഡി. ഗീവർഗീസ്, റവ. ബിനു കെ. ജോസ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഷിബി പീറ്റർ, ഷിബു കെ. തമ്പി, വി.ജി. ഷാജി, ഷാജി ഫിലിപ്പ്, കോശി ജോർജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *