പ്രായമായവരില്‍ ഭയം സാധാരണയാണ്. ജീവിതാവസാനം ആയിക്കഴിഞ്ഞു. ഇനി എപ്പോള്‍ വേണമെങ്കിലും അസ്തമിക്കാം എന്ന ചിന്തയാണ് ഇതിന് പ്രധാന കാരണം. പ്രായമുള്ളവർ നിസാരമായ അസുഖങ്ങള്‍ക്കുപോലും അമിതമായ വെപ്രാളം കാണിക്കുക സാധാരണമാണ്. യഥാർത്ഥമായ അസുഖമാണെങ്കിൽപ്പോലും മറ്റുള്ളവർ ഇതിനാൽ ശ്രദ്ധിക്കാതെവരും.
പെട്ടെന്നുള്ള മാനസികവിഭ്രാന്തി ചിലപ്പോള്‍ താല്ക്കാലികവും, ചിലപ്പോള്‍ നീണ്ടുനില്‍ക്കുന്നവയും പ്രായമായവരില്‍ കണ്ടുവരുന്നു. ഉറക്കത്തിന്റെ രീതിതന്നെ ചിലപ്പോള്‍ മാറും. പകല്‍ ഉറങ്ങുകയും രാത്രി ഉറങ്ങാതിരിക്കുകയും ചെയ്യും. പകല്‍ ഉറങ്ങിയ കാര്യം മറന്ന്, രാത്രിയില്‍ ഉറക്കം കിട്ടുന്നില്ലെന്ന് പരാതിപ്പെടുക സാധാരണമാണ്. ഒരാള്‍ക്ക് വിശ്രമം ഉദ്ദേശം 6 മുതല്‍ 8 മണിക്കൂര്‍ വരെ) മാത്രമാണ് ആവശ്യം. ഉറക്കം കൂടിയേ തീരൂ എന്നില്ല. പക്ഷേ, മാനസികമായി, ഉറങ്ങിയില്ലല്ലോ എന്ന വിചാരം അലട്ടുന്നു. ഉറക്കഗുളികകള്‍ വളരെ അത്യാവശ്യമെങ്കിലേ ഉപയോഗിക്കാവൂ.
ചിലർക്ക് ചില കാഴ്ചകള്‍ കാണുന്നതോ ശബ്ദങ്ങള്‍ കേള്‍ക്കുന്നതോ ഒക്കെയായി അനുഭവപ്പെടാം. ആരൊക്കെയോ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നും ഒക്കെ തോന്നാം. മറവിരോഗമായ ആല്‍സിമേഴ്‌സ് രോഗവും പ്രായമായവരിൽ കണ്ടുവരുന്നുണ്ട്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ഈ രോഗങ്ങള്‍ക്ക് വളരെ കുറഞ്ഞ അളവില്‍ മാത്രം മരുന്നുകള്‍ കൊടുക്കുകയെന്നതാണ്. പല മരുന്നുകളും കരളിനെ അപകടത്തിലാക്കുകയും പാര്‍ക്കിന്‍സണ്‍രോഗം അടക്കം ക്ഷണിച്ചുവരുത്തുകയും ചെയ്യും.
65 വയസിന് മുകളിലുള്ളവരില്‍ 50 ശതമാനവും വീടുകളിലും പുറത്തും ഒക്കെ വീഴ്ചകള്‍മൂലം പരുക്കുകളുണ്ടാക്കുന്നു. ഇതില്‍ 2-3 ശതമാനം ആളുകള്‍ക്ക് എല്ലുകളിലുള്ള ഒടിവുകള്‍ ഉണ്ടാകുന്നു. 20-30 ശതമാനം ആളുകള്‍ക്ക് വീഴ്ചയ്ക്കുശേഷം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെടുന്നു. ഞരമ്പുകള്‍ക്കുണ്ടാകുന്ന രോഗങ്ങൾ മൂലമോ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലമോ പ്രായമാവുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ശക്തിക്കുറവുമൂലമോ ഒക്കെ വീഴ്ചകള്‍ സംഭവിക്കാം. ഒരാള്‍ നടക്കുമ്പോള്‍ അയാളുടെ അപ്പോഴപ്പോഴുള്ള സ്ഥാനം എവിടെയെന്നുള്ള വിവരം കാലുകളില്‍നിന്നും പോവുന്ന ഞരമ്പുകള്‍ വഴി തലച്ചോറിലെത്തിക്കുന്നു. തലച്ചോറിന്റെ നിര്‍ദ്ദേശമനുസരിച്ച് അയാള്‍ നടക്കുന്നു. പ്രായമാവുമ്പോള്‍ ഈ ഞരമ്പുകള്‍ക്ക് ശേഷി കുറയുന്നു. തന്മൂലം യഥാര്‍ഥ സ്ഥാനത്തെപ്പറ്റി തലച്ചോറിന് ശരിയായ വിവരം ലഭിക്കുന്നില്ല. തന്മൂലം ബാലന്‍സ് തെറ്റി വീഴാന്‍ കാരണമാകുന്നു. പ്രകാശക്കുറവ്, കാഴ്ചക്കുറവ് എന്നിവ മൂലവും, കയറ്റുപായ്, കാര്‍പറ്റ് എന്നിവയില്‍ തട്ടിയും വീഴ്ചയുണ്ടാവാം. ഷുഗർ രോഗമുള്ളവർക്ക് കാലിന്റെ സ്പര്ശനം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നു.
പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന ഒരു അസുഖമാണ് തലകറക്കം. പ്രത്യേകിച്ചും വളരെനേരം കിടന്നതിനുശേഷം എഴുന്നേല്‍ക്കുമ്പോള്‍, തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന്റെ അളവ് താല്ക്കാലികമായി കുറയുന്നതിനാലാണ് ഇതനുഭവപ്പെടുന്നത്. ചെറുപ്രായത്തില്‍, കിടപ്പില്‍നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വളരെവേഗം ക്രമീകരിക്കപ്പെടുന്നു. പ്രായമാവുംതോറും ഈ ക്രമീകരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നു. അതിനാല്‍ പ്രായമായവര്‍ കൂടുതല്‍ നേരം കിടന്നിട്ട് പെട്ടെന്ന് ചാടി എഴുന്നേല്‍ക്കാതെ, അല്പസമയം ഇരുന്നതിനുശേഷമേ എഴുന്നേല്‍ക്കാവൂ. ഏകദേശം ഒരു മിനിട്ടുകൊണ്ട് രക്തപ്രവാഹം സാധാരണയാവും.
പ്രായമായവരെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്‌നമാണ് മൂത്രം നിയന്ത്രണം വിട്ടുപോവുന്നത്. ഇത് മാനസികമായി അവരെ വളരെ ബുദ്ധിമുട്ടിക്കുന്നു. മാനസികവിഭ്രാന്തിയുണ്ടാവുകയും, സാമൂഹികമായി അവര്‍ സ്വയം ഒറ്റപ്പെടുകയും ചെയ്യുന്നു. പ്രായം കൂടുന്നതിന്റെ ഭാഗമല്ല ഈ വിധത്തിലുള്ള അസ്വസ്ഥത. അമിതമായ വണ്ണം, പുകവലി, ശ്വാസകോശരോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഞരമ്പുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ ഇവയ്ക്ക് കാരണങ്ങളാകുന്നു. മൂത്രസഞ്ചിക്ക് മൂത്രം സംഭരിച്ചുവയ്ക്കാനുള്ള കഴിവും, പുറത്തേക്ക് കളയാനുള്ള മാംസപേശികളുടെ പ്രവര്‍ത്തനക്കുറവും ആണ് പ്രധാനഘടകങ്ങള്‍.
സ്ത്രീകള്‍ക്ക്, തുടര്‍ച്ചയായ ഗര്‍ഭധാരണംമൂലമോ ഗര്‍ഭാശയഭാഗങ്ങളില്‍ നടന്ന ശസ്ത്രക്രിയ മൂലമോ മൂത്രസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ചുമയ്ക്കുകയോ തുമ്മുകയോ ചിരിക്കുകയോ ഭാരം ഉയര്‍ത്തുമ്പോഴോ മൂത്രം അറിയാതെ പോവുന്ന അവസ്ഥയുണ്ടാകുന്നു. മറ്റു ചിലരില്‍ മൂത്രം തുടരെത്തുടരെ പോവുക, രാത്രി അറിയാതെ കിടക്കയില്‍ മൂത്രം പോവുക എന്നിവ കണ്ടുവരുന്നു. ഞരമ്പുരോഗങ്ങളോ മൂത്രാശയത്തിലെ പഴുപ്പോ, മൂത്രാശയത്തിലെ കല്ലുകളോ കാന്‍സറോ ഇവയ്ക്ക് കാരണമാകാം. പുരുഷന്മാരില്‍ മൂത്രം തടസപ്പെടുന്നത് പ്രൊസ്‌റ്റേ്ഗ്രന്ഥിയുടെ വീക്കമോ കാന്‍സറോ ആകാം. മൂത്രസഞ്ചി നിറഞ്ഞുകവിഞ്ഞ് മൂത്രം തുള്ളിതുള്ളിയായി തുളുമ്പിപ്പോവാനിടയാകുന്നു.
വളരെനാള്‍ ഒരേ കിടപ്പില്‍ കിടക്കുന്ന വൃദ്ധജനങ്ങള്‍ക്ക് ശരീരത്തിന്റെ പല ഭാഗങ്ങളിലും വ്രണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. മുതുകിലും കാലിന്റെ കുഴകളിലും ഇവയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഈ വ്രണങ്ങളില്‍ അണുബാധയുണ്ടായി പഴുക്കുകയും മരണകാരണമാവുകയും സാധാരണമാണ്. ഒരേ കിടപ്പില്‍ വളരെനേരം കിടത്താതെ, 2 മണിക്കൂര്‍ ഇടവിട്ട് സ്ഥാനം മാറ്റിക്കിടത്തുന്നതുമൂലം ഒരു പരിധിവരെ ഇവയെ ഒഴിവാക്കാന്‍ കഴിയുന്നു. ഇപ്പോള്‍ ജലം നിറച്ച വിരിപ്പുകളും ലഭ്യമാണ്. ഞരമ്പ് സംബന്ധമായ അസുഖങ്ങളും, ശരീരത്തില്‍ നീരുണ്ടാവുന്നതുമൂലവും, എല്ലുകള്‍ക്ക് ഒടിവ് സംഭവിക്കുന്നതും വ്രണങ്ങളുണ്ടാവാന്‍ സഹായിക്കുന്നു. പ്രായമേറുന്തോറും എല്ലുകള്‍ക്ക് കട്ടികുറയുന്നതുകൊണ്ട് പെട്ടെന്ന് ഒടിയാന്‍ സാധ്യതയേറെയാണ്.
സര്‍വസാധാരണയായി പ്രായമായവരില്‍ മലബന്ധം അനുഭവപ്പെടുന്നു. ശരിയായ വ്യായാമം, ആഹാരത്തില്‍ പച്ചക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തുക, ധാരാളം വെള്ളം കുടിക്കുക, ഒന്നോ രണ്ടോ ചെറുപഴം ദിവസവും കഴിക്കുക എന്നിവ മൂലം ഈ ബുദ്ധിമുട്ടിനെ തരണം ചെയ്യാം. ഹൃദ്രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ശോധനയ്ക്കുവേണ്ടി അമിതമായി മുക്കാതിരിക്കുകയെന്നതാണ്. ഇത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്താന്‍ സാധ്യതയുണ്ട്.
പ്രായമേറിയവരെ പലവിധത്തില്‍ പരിചരിക്കാം. ആശുപത്രികളില്‍ കിടത്തുകയോ വീടുകളില്‍തന്നെ പരിശീലനം ലഭിച്ച നഴ്‌സുകളുടെ പരിചരണം ലഭ്യമാക്കുകയോ വൃദ്ധസദനങ്ങളില്‍ കിടത്തി പ്രത്യേക ശ്രദ്ധകൊടുക്കുകയോ ആവാം. ഏറ്റവും പ്രധാനം, അടുത്തബന്ധുക്കളുടെ മേല്‍നോട്ടം ഇതിനെല്ലാം ഉണ്ടായിരിക്കുക എന്നതാണ്.
പ്രായമുള്ളവർ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്..
1. ആഹാരത്തിന്റെ കുറവുണ്ടാവാതെ സൂക്ഷിക്കുക. പോഷകമൂല്യങ്ങളുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക.
2. വേണ്ടത്ര വ്യായാമം ഉറപ്പുവരുത്തുക. ദിവസം 20 മിനിട്ടെങ്കിലും നടക്കുവാന്‍ ശ്രദ്ധിക്കുക.
3. ലഹരിപദാര്‍ഥങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയാണുത്തമം. പ്രായമായവരില്‍ ഇവ കൂടുതല്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കും. മദ്യത്തില്‍നിന്ന് ആവശ്യത്തിനുള്ള കലോറികള്‍ കിട്ടുന്നതുകൊണ്ട് മറ്റ് ആഹാരങ്ങള്‍ ഉപേക്ഷിക്കുകയും ആവശ്യത്തിന് പോഷകാംശങ്ങള്‍ ലഭിക്കാതിരിക്കാനിടയാക്കുകയും ചെയ്യുന്നു. കൂടാതെ ആമാശയത്തില്‍ വ്രണങ്ങളും, കരളിന് കേടുകളും, മദ്യം മൂലം സംഭവിക്കുന്നതുകൊണ്ട് ഇക്കൂട്ടര്‍ ആഹാരപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നു.
4. പുകവലി പൂര്‍ണമായും വര്‍ജിക്കുക. അതിന് പ്രത്യേക പ്രായമില്ല. ഏത് പ്രായത്തില്‍ നിര്‍ത്തിയാലും അതിന്റെ ഗുണം ഉണ്ടാവും.
5. മൂത്രസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍, 2 മണിക്കൂര്‍ ഇടവിട്ട് മൂത്രമൊഴിച്ച് ഒരു ശീലം ഉണ്ടാക്കിയെടുക്കുകയും പിന്നീട് 3-4 മണിക്കൂര്‍ ആക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യാവുന്നതാണ്.
6. അമിതഭാരമുള്ളവര്‍ തൂക്കം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ആഹാരം കുറയ്ക്കുകയും വ്യായാമം ചെയ്യുകയുമാണ് വേണ്ടത്.
7. എല്ലുകളുടെ ആരോഗ്യം പരിശോധിക്കുക.
8. രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് 6 മാസത്തിലൊരിക്കലെങ്കിലും നോക്കുക.
9. കാന്‍സര്‍ നിര്‍ണയത്തിനുള്ള പരിശോധനകള്‍ നടത്തുക. പ്രത്യേകിച്ചും സ്തനാര്‍ബുദങ്ങള്‍, പ്രൊസ്‌റ്റേറ്റ് കാന്‍സര്‍, ശ്വാസകോശത്തിലെ കാന്‍സറുകള്‍, വന്‍കുടലുകളിലുണ്ടാകുന്ന കാന്‍സര്‍ എന്നിവയുണ്ടോയെന്ന് വര്‍ഷംതോറും പരിശോധിക്കുന്നത് നല്ലതാണ്.


