പത്തനംതിട്ട – ഉയരങ്ങളിലേക്ക് സഞ്ചരിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതൽ ശക്തി നൽകാൻ എന്നിടം പദ്ധതിക്ക് കഴിയുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. എ.ഡി.എസ്. തല കൾച്ചറൽ ആൻഡ് റിക്രിയേഷൻ സെന്ററിന്റെ ജില്ലാതല ഉദ്ഘാടനം പ്രമാടം സിഡിഎസ് ലെ 17-ാം വാർഡ് എൽഡിഎസിന്റെ എന്നിടമായ ജവഹർ പബ്ലിക് ലൈബ്രറിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക രംഗത്ത് പ്രധാന പങ്കു വഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പോലും ഏറെ പ്രശംസിക്കുന്ന കൂട്ടായ്മയാണിത്. 26 വർഷത്തെ പ്രവർത്തനത്തിൽ ചെറുകിട സ്ഥാപനങ്ങൾ മുതൽ വ്യവസായ സംരംഭങ്ങൾ വരെ മികച്ച രീതിയിൽ നടത്താനായത് കുടുംബശ്രീയുടെ വിജയമാണെന്നും കളക്ടർ പറഞ്ഞു.
കുടുംബശ്രീയുടെ 26 -ാം വാർഷികത്തോടനുബന്ധിച്ചാണ് എന്നിടം പദ്ധതി സംഘടിപ്പിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക സാമൂഹിക ഉന്നമനത്തിനുള്ള പൊതുയിടമായ് എഡിഎസുകളുടെ റിക്രിയേഷൻ ആൻഡ് കൾച്ചറൽ സെന്ററുകളെ മാറ്റുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീകല ആർ നായർ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ നവനിത്ത്, വൈസ് പ്രസിഡന്റ് മിനി റെജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹരികൃഷ്ണൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം. മോഹനൻ നായർ, കുടുംബശ്രീ ജില്ലാ മിഷൻ അസി. കോർഡിനേറ്റർ ബിന്ദു രേഖ, സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു അനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, സിഡിഎസ്, എഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


