മോഷ്ടാക്കൾ കൊളളയടിച്ച തുമ്പോണെ പെട്ടിക്കട ഉടമ മല്ലികയ്ക്ക് തുണയായി ബോബി ചെമ്മണ്ണൂർ

Pathanamthitta Special
Print Friendly, PDF & Email

തുമ്പമണ്‍: അമ്പലക്കടവില്‍ മോഷ്ടാക്കള്‍ കൊള്ളയടിച്ച പെട്ടിക്കട ഉടമ മല്ലികയ്ക്ക് ബോബി ചെമ്മണ്ണൂരിന്റെ സഹായഹസ്തം. മോഷ്ടാക്കള്‍ തൂത്തുപെറുക്കി കൊണ്ടുപോയ കട പുനരുദ്ധരിച്ച് ബോച്ചെ പാര്‍ട്ണര്‍ എന്ന ബ്രാന്‍ഡില്‍ ഫ്രാഞ്ചൈസ് നല്‍കിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. കട മുഴുവനായി ബോച്ചെ ടീ കൊണ്ട് നിറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ആദ്യത്തെ സ്‌റ്റോക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇത് കഴിയുമ്പോള്‍ എടുക്കുന്ന സ്‌റ്റോക്കിന് വില്‍പ്പനയ്ക്ക് അനുസരിച്ച് കമ്മിഷന്‍ നല്‍കുമെന്നും ബോബി പറഞ്ഞു.

ഇവിടെ മറ്റ് കച്ചവടം നടത്തുന്നതിന് തടസമില്ല. മല്ലികയ്ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ വില്‍ക്കാം. ഗ്യാസ് മിഠായി അടക്കം കടയിലുള്ള മുഴുവന്‍ സാധനങ്ങളും കൊണ്ടു പോയതിനെ തുടര്‍ന്ന് ദുരിതത്തിലായ മല്ലികയുടെ കഥ ബോച്ചെ ഫാന്‍സ് ആണ് ബോബി ചെമ്മണ്ണൂരിനെ അറിയിച്ചത്. മല്ലികയുമായി ഫോണില്‍ സംസാരിച്ച ബോബി അവരുടെ ദുരിതകഥ മുഴുവന്‍ മനസിലായി. കടയിലുണ്ടായിരുന്ന 14,000 രൂപയും എട്ടു കിലോ നാരങ്ങയും വിവിധ തരം മിഠായികളും സോഫ്ട് ഡ്രിങ്കുകളുമെല്ലാം മോഷ്ടാക്കള്‍ കൊണ്ടു പോയിരുന്നു. മിഠായിയുടെ ഭരണികള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മല്ലികയുടെ കടയില്‍ മോഷണം നടന്നത്. പണപ്പെട്ടിയില്‍ ഒരു രൂപ നാണയം മാത്രമാണ് മോഷ്ടാക്കള്‍ അവശേഷിപ്പിച്ചിരുന്നത്. കടം വാങ്ങിയും പണം പലിശയ്ക്ക് എടുത്തുമാണ് നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച മല്ലികയും ബന്ധു രാധയും ചേര്‍ന്ന് കട തുടങ്ങിയത്. നാലു വര്‍ഷം മുന്‍പ് തുടങ്ങിയ കട മല്ലികയുടെ രോഗവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം പിന്നീട് നിലച്ചു. രണ്ടു മാസം മുന്‍പ് ബന്ധുവായ രാധയ്‌ക്കൊപ്പം ചേര്‍ന്ന് കടം വാങ്ങിയ പണം കൊണ്ടാണ് കട പുനരാരംഭിച്ചത്. വിഷുവിന് വെണ്മണി ശാര്‍ങക്കാവില്‍ കച്ചവടത്തിന് പോയി ലഭിച്ച 14,000 രൂപ കടയില്‍ സൂക്ഷിച്ചിരുന്നു. ചികില്‍സയ്ക്കും കടം വീട്ടുന്നതിനുമായി വച്ചിരുന്ന ഈ പണമാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്. ബോച്ചെ ടീ ഓണ്‍ലൈനില്‍ മാത്രമാണ് വില്‍പന നടത്തിയിരുന്നത്. ആദ്യ ഓഫ്‌ലൈന്‍ വില്‍പ്പന കേന്ദ്രമാണ് മല്ലികയ്ക്ക് ഇട്ടു കൊടുത്തിരിക്കുന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. കടയുടെ ഉദ്ഘാടനവും ഇന്നലെ ഉച്ചയ്ക്ക് ശേഷം അദ്ദേഹം നിര്‍വഹിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *