മലയാളികളുടെ ജവാനിൽ മാലിന്യം ; വില്പന മരവിപ്പിച്ചു

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി: മലയാളികളുടെ ജനപ്രിയ മദ്യമായ ജവാനിൽ മാലിന്യം. പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പന മരവിപ്പിച്ചിരിക്കുകയാണ്. വടക്കൻ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യത്തിൽ മാലിന്യം ശ്രദ്ധയിൽപ്പെട്ട ഉപഭോക്താവിന്റെ പരാതിയിലാണ് എക്സൈസിന്റെ നടപടി.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദനം. ജവാൻ ട്രിപ്പിൾ എക്‌സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്‌ലെറ്റിലെ ജവാൻ ട്രിപ്പിൾ എക്സ് റം 307, 322, 267, 328, 312, 292, 200,164, 293 ബാച്ചുകളിലും മാലിന്യം കണ്ടെത്തി. എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്‌ലെറ്റിലെ പരിശോധന. ബിയറിൽ ഇത്തരം മാലിന്യം കാണാറുണ്ടെങ്കിലും ജവാനിൽ ആദ്യമാണെന്ന് ബിവറേജസ് ജീവനക്കാർ പറയുന്നു. നിർമ്മാണത്തിലെ പാകപ്പിഴയാണെന്നു കരുതുന്നു. മദ്യക്കുപ്പികളിൽ പാടപോലെ രൂപപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഔട്ട്ലെറ്റുകളിൽ കുപ്പി മാറ്റി കൊടുത്തു.

എക്സൈസ് കമ്മിഷർക്ക് റിപ്പോർട്ട് കൈമാറി. എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ പരിശോധിക്കാൻ നിർദ്ദേശമുണ്ട്. സാമ്പിൾ ലാബിൽ പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വിറ്റഴിക്കണോ നശിപ്പിക്കണോയെന്ന് തീരുമാനിക്കുക.

ഒരു ബാച്ചിൽ 7500 കെയ്സ് ഉണ്ടാകും. ഒരു കെയ്സിൽ ഒമ്പത് ലിറ്റർ വീതം മദ്യം — 750 മില്ലി കുപ്പികൾ 12 എണ്ണവും ഒരു ലിറ്റർ കുപ്പി​കൾ ഒമ്പതും. ഓണക്കാലത്ത് ഏറ്റവുമധികം വിറ്റത് ജവാൻ റമ്മാണ്. വില്പന മരവിപ്പിക്കാൻ നിർദ്ദേശം നൽകി. എക്സൈസ് കമ്മിഷണറെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. – ബി. ടെനിമോൻ, ഡെപ്യൂട്ടി കമ്മിഷണർ എക്സൈസ്, എറണാകുളം

Leave a Reply

Your email address will not be published. Required fields are marked *