മൂത്രം ഇനി കളയാനുള്ളതല്ല ; മൂത്രത്തിൽനിന്ന് വൈദ്യുതി പാലക്കാട് ഐ.ഐ.ടി പരീക്ഷണം വിജയം

Kerala Palakkad Special
Print Friendly, PDF & Email

പാലക്കാട്: മൂത്രത്തിൽനിന്ന് വൈദ്യുതിയും ജൈവവളവും ഒക്കെ ഉത്പാദിപ്പിക്കാമെന്ന കണ്ടുപിടുത്തവുമായി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ആദ്യഘട്ടത്തിൽ ഗോമൂത്രം ഉപയോഗിച്ചുള്ള അവരുടെ പരീക്ഷണം വിജയിച്ചു. കണ്ടെത്തലുകൾ ‘സയൻസ് ഡയറക്ട്’ എന്ന ഓൺലൈൻ ജേണലിൽ പ്രസിദ്ധപ്പെടുത്തി. അടുത്തതായി മനുഷ്യമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ് ഈ സംഘം. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കൾക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് രണ്ടുവർഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദിൽ നടന്ന ഇൻവെന്റീവ് മേളയിൽ ഇവരുടെ പ്രോജക്ട് ശ്രദ്ധ നേടിയിരുന്നു.

മനുഷ്യ മൂത്രം ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ വിജയിച്ചാൽ ഷോപ്പിങ് മാളുകൾ, സ്‌കൂളുകൾ, സിനിമാതിയേറ്ററുകൾ എന്നിവിടങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ച് വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു. ഐ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിൽ. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച് അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്.

വൈദ്യുതി ഉത്പാദന പരീക്ഷണം ഇങ്ങനെ…

ഒരു ചേംബറിൽ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസുകൊണ്ടു നിർമ്മിച്ച ചെറു സെല്ലുകളിലേക്ക് (ഇലക്ട്രോ കെമിക്കൽ റിസോഴ്സ് റിക്കവറി റിയാക്ടർ-ഇ.പി.ആർ.ആർ.) മാറ്റുന്നു. പരസ്പര ബന്ധിതമായ ഈ സെല്ലുകൾക്കുള്ളിൽ ആനോഡായി മഗ്‌നീഷ്യം ഇലക്ട്രോഡും കാഥോഡായി എയർ കാഥോഡും ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിൽ 50 സെല്ലുകളാണ് ഉപയോഗിച്ചത്. ഒരു സെല്ലിൽ 100 മില്ലിലിറ്റർ ഗോമൂത്രമാണ് ശേഖരിക്കുന്നത്.

മൂത്രവും ഇലക്ട്രോഡുകളുമായുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതിയുണ്ടാവുന്നത്. പത്തെണ്ണമുള്ള ഒരു സെറ്റിൽനിന്ന് ശരാശരി 1.5 വോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായി. ഈ വൈദ്യുതി ഉപയോഗിച്ച് മൊബൈൽഫോൺ, എമർജൻസി വിളക്ക് എന്നിവ ചാർജ് ചെയ്യുന്നുണ്ട്. എൽ.ഇ.ഡി. വിളക്കുകൾ കത്തിക്കുന്നുമുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂത്രത്തിന്റെ ശേഷി കുറഞ്ഞുവരുന്നതോടെ മറ്റൊരു ചേംബറിലേക്ക് കുഴൽ വഴി മാറ്റും. ഒരു പൽചക്രം ഉപയോഗിച്ച് ഇവയെ കലർത്തും. അര മണിക്കൂർ കഴിയുമ്പോഴേക്കും പൊടി രൂപത്തിലുള്ള വളം അടിയും. ഫോസ്ഫറസ്, അമോണിയ, മഗ്നീഷ്യം എന്നിവ അടങ്ങിയ ഈ വളം ചെടികൾക്ക് നേരിട്ട് പ്രയോഗിക്കാം. വിപണിയിൽ ലഭ്യമായ വളങ്ങളിലുള്ളതിനു സമാനമായ അളവിലുള്ള ഘടകങ്ങൾ ഇതിലുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘം പറയുന്നു.

ഒരു ലിറ്റർ മൂത്രത്തിൽ നിന്ന് 10 ഗ്രാം വളം ഉണ്ടാവും. ബാക്കി വരുന്ന വെള്ളം, മണിലും കല്ലും കരിയും നിക്ഷേപിച്ച കുപ്പിയിലൂടെ കടത്തിവിട്ട് ശുദ്ധീകരിക്കുന്നു. ഈ വെള്ളം നനയ്ക്കാനും മറ്റും ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *