പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് 10 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും

Crime
Print Friendly, PDF & Email

പത്തനംതിട്ട: പതിനേഴുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കൊടുമണ്‍ അങ്ങാടിക്കല്‍ കുരിയറ വടക്കേതില്‍ മോനു എന്നു വിളിക്കുന്ന നിര്‍മലിനെ (25) യാണ് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷ വിധിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയായിരുന്നു പ്രണയം നടിച്ച് പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയായ ശേഷവും ഇത് തുടര്‍ന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ് പ്രതി പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങി. കുഞ്ഞിന് ജന്മം നല്‍കിയ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇവരുടെ പുനരധിവാസത്തിനാവശ്യമായ തുക നല്‍കുന്നതിലേക്ക് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നടത്തിയത് ഇന്‍സ്‌പെക്ടര്‍മാരായ ജി. സുനില്‍കുമാര്‍, ബിനു വര്‍ഗീസ് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *