പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ.
ക്ഷീരസംഗമം – നിറവ് 2023
ക്ഷീരവികസന വകുപ്പിന്റെ വാർഷികപദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ‘നിറവ്- 2023’ ഒക്ടോബർ 31, നവംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും.നവംബർ മൂന്നിനു വെച്ചൂച്ചിറ എ റ്റി എം ഹാളിൽ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് മുഖ്യാതിഥിയാകും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തും.എം പി, എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ പങ്കെടുക്കും. ഒക്ടോബർ 31 ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യുന്ന വിളംബരഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാവും. വിളംബരജാഥയ്ക്കുശേഷം വിദ്യാർഥികൾക്കായുള്ള വിവിധ മത്സരങ്ങൾ വെച്ചൂച്ചിറ ക്ഷീരസംഘത്തിൽ നടക്കും. നവംബർ രണ്ടിന് വ്യത്യസ്ത ഇനങ്ങളിൽപെട്ട കന്നുകുട്ടി, കിടാരി, കറവപ്പശു എന്നിവയുടെ കന്നുകാലി പ്രദർശന മത്സരം ഉണ്ടായിരിക്കും.
എൻ എസ് ക്യൂ എഫ് സെർട്ടിഫൈഡ് ഇംഗ്ലീഷ് ട്രെയിനർ ആകാം
കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടത്തുന്ന എൻ സി വി ഇ റ്റി സർട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള 30 സീറ്റുകളിൽ അഡ്മിഷൻ ആരംഭിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ ആകാൻ സംസ്ഥാനത്ത് ലഭ്യമായ ഒരേയൊരു കേന്ദ്ര സർക്കാർ അംഗീകൃതമായ കോഴ്സ് ആണിത്. കോഴ്‌സ് വിജയരമായി പൂർത്തീകരിക്കുന്നവർക്ക് കേന്ദ്ര ഏജൻസി ആയ എൻ സി വി ഇ റ്റി യുടെ സർട്ടിഫിക്കറ്റ് ലഭിക്കും.
400 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ പേഴ്സണൽ സ്‌കിൽസ് , സോഷ്യൽ സ്‌കിൽസ്, പ്രൊഫഷണൽ സ്‌കിൽസ്, ലാംഗ്വേജ് പ്രൊഫഷൻസി ,പ്രസന്റേഷൻ സ്‌കിൽസ്, കേസ് സ്റ്റഡി ,ഐ സി റ്റി ടൂൾസ് ,ഇന്റർനെറ്റ് ആൻഡ് ലൈഫ് മുതലായ മോഡ്യൂളുകളാണ് ഉൾപെടുത്തിയിട്ടുള്ളത്. പ്രാക്ടിക്കൽ പരിശീലനത്തിനായി ഇന്റേൺഷിപ് ഉൾപ്പെട്ടിട്ടുണ്ട്.
ഫീസ് : 12500 രൂപ. https://forms.gle/6niV7GdkMHt5L-HvXA എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 8547588142, 9495999 681
ദ്രവമാലിന്യ പരിപാലനപദ്ധതി
ജില്ലാതലപരിശീലനം നടത്തി
സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ന്റെ ഭാഗമായി ദ്രവരമാലിന്യ പരിപാലനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിനായി തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലുള്ള ജില്ലാതല പരിശീലനം പത്തനംതിട്ട കളക്‌ട്രേറ്റ് കോൺഫറൻഹാളിൽ നടത്തി. രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, പ്ലാൻ ക്ലർക്ക് എന്നിവർ ഉൾപ്പെടെ 210 പേർ പങ്കെടുത്തു. ഗ്രേ വാട്ടർ മാനേജ്‌മെന്റ്, ഫീക്കൽ സ്ലഡ്ജ് മാനേജ്‌മെന്റ്, പദ്ധതി നിർവഹണരീതി എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബൈജു റ്റി. പോൾ, കോയിപ്രം ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എൽ.എസ് ലിജു. ശുചിത്വമിഷൻ ടെക്‌നിക്കൽ കൺസൾട്ടന്റ് വി അരുൺ എന്നിവർ പരിശീലന പരിപാടിയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ജില്ലാതല വായ്പാ മേള
ജില്ലാ ഭരണകൂടവും ജില്ലയിലെ വാണിജ്യ ബാങ്കുകളും സംയുക്തമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സാവ് ന്റെ ഭാഗമായുള്ള വായ്പാമേള പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടന്നു. ഡെപ്യൂട്ടി കളക്ടർ ജേക്കബ് റ്റി ജോർജ് ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ എസ്.ഉണ്ണികൃഷ്ണൻ, എസ്ബിഐ റീജിയണൽ ഓഫീസ് ചീഫ് മാനേജർ സുധിൻ ഘോഷ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, ഫെഡറൽ ബാങ്ക് ചീഫ് മാനേജർ ദീപു ജോസഫ് മാത്യു, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഐ.ജാസിം, ജില്ലയിലെ മറ്റ് ബാങ്കുകളുടെ ഉന്നത അധികാരികൾ എന്നിവർ പങ്കെടുത്തു.വിവിധ ബാങ്കുകൾ അനുവദിച്ച വായ്പാ അനുമതി പത്രങ്ങൾ മേളയിൽ വിതരണം ചെയ്തു.ഗവൺമെന്റ് നടപ്പാക്കുന്ന വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ചും വായ്പാ പദ്ധതികളെക്കുറിച്ചുമുള്ള ബോധവൽക്കരണവും നടന്നു.
പ്രൊബേഷൻ അസിസ്റ്റന്റ് ഒഴിവ്
സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഒരു പ്രൊബേഷൻ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഹോണറേറിയം വ്യവസ്ഥയിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സോഷ്യൽ വർക്കിലുളള മാസ്റ്റർ ബിരുദം (എം എസ് ഡബ്ല്യു). പ്രൊബേഷൻ അനുബന്ധ മേഖലകളിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
നവംബർ 15. വിലാസം: ജില്ലാ പ്രൊബേഷൻ ഓഫീസർ, ജില്ലാ പ്രൊബേഷൻ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, നാലാം നില , പത്തനംതിട്ട, ഫോൺ : 9446177662, 8594057873,8281999038.
സൗജന്യ പി.എസ്.സി പരിശീലനം
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ച് 30 ദിവസത്തെ സൗജന്യ പി.എസ്.സി പരിശീലന പരിപാടിയിലേക്ക് വിവിധ മത്സര പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നവംബർ 15-നകം രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷകൾ സമർപ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ -04682222745 , 9446210675.
അവലോകന യോഗം ഇന്ന് (28)
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ഇന്ന് (28) വൈകിട്ട് നാലിന് ആരോഗ്യ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റിൽ യോഗം ചേരും.


