തട്ടിപ്പ് കേസുകളിലെ പ്രതി ചിഞ്ചു ജേക്കബിനെതിരെ പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു

Crime Eranakulam

പിറവം / ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനായ പത്തനംതിട്ട ആറന്മുള കുറിച്ചുമുട്ടം പാലമൂട്ടിൽ വീട്ടിൽ ചിഞ്ചു ജേക്കബിനെതിരായ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിലെ പോരായ്മകൾ പരിഹരിച്ച് സമഗ്രമായ പരിശോധന പൂർത്തിയാക്കി 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുളന്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കോടതി നിർദേശം നൽകിയത്.

പ്രതി വിദേശത്താണെന്ന ഒഴികഴിവ് പറഞ്ഞ് അന്വേഷണം മരവിപ്പിച്ച നിലപാടാണ് പോലീസിന്റേതെന്ന് കോടതി വിമർശിച്ചു. വിദേശ റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് പ്രതിക്ക് നിയമാനുസൃതമായ അനുമതികളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പോലും അന്വേഷണ സംഘം തയ്യാറായില്ല. തട്ടിയെടുത്ത പണം എവിടെയൊക്കെ ചെലവാക്കി, സാമ്പത്തിക ഇടപാടുകൾ ആർക്കൊക്കെ വേണ്ടി നടത്തി, കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന എന്താണ് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിൽ അന്വേഷണസംഘം പൂർണ പരാജയമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇതിനിടെ, സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 35.14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചിഞ്ചു ജേക്കബിനും കൂട്ടാളിയായ ഊട്ടി ഗൂഡല്ലൂർ സ്വദേശിനി റെക്സിൻ മംഗലീനയ്ക്കുമെതിരെ പുൽപ്പള്ളി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അമരകുനി സ്വദേശി വിഷ്ണു രവീന്ദ്രൻ നൽകിയ പരാതിയിൽ 2025 ഓഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തതോടെ ചിഞ്ചു ജേക്കബിനെതിരായ നിയമനടപടികൾ കൂടുതൽ കർശനമായിരിക്കുകയാണ്.

*ഒളിവ് ജീവിതം തമിഴകത്ത്

കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ ചിഞ്ചു ജേക്കബ്, കുറച്ചുനാളുകളായി തമിഴ്നാട് കേന്ദ്രീകരിച്ചാണ് ഒളിവിൽ കഴിയുന്നത്. ഗൂഡല്ലൂരിൽ താവളമടിച്ച ഇയാൾ, പോലീസിന്റെ കണ്ണുവെട്ടിക്കാൻ സ്വന്തം നാടുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കിയിരുന്നു. തമിഴ്നാട് വിലാസത്തിൽ വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് വിദേശത്തേക്ക് കടക്കാൻ ഇയാൾ ശ്രമം നടത്തിയതായും സൂചനയുണ്ട്. മുൻപ് തട്ടിപ്പിനിരയായവർ ഇയാളെ തമിഴ്നാട്ടിൽവച്ച് കണ്ടെത്തി പോലീസിൽ ഏൽപ്പിച്ചെങ്കിലും പിന്നീട് നിയമനടപടികളിൽനിന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *