എടത്വ: ചോർന്നൊലിക്കുന്ന എടത്വ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു. 1989 ഫെബ്രുവരിയിലാണ് നിലവിലുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. പത്ത് മാസം കൊണ്ട് നിർമ്മാണം പൂർത്തികരിച്ച് പ്രവർത്തനം ആരംഭിച്ച കെട്ടിടത്തിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് ആണ്. ഇപ്പോൾ ഷീറ്റ് പൊട്ടിയത് മൂലം ചോർച്ചയാണ്. പ്ലാസ്റ്റിക്ക് ഷീറ്റ് വെച്ച് ചോർച്ച അകറ്റിയാണ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആസ്ബറ്റോസ് ഷീറ്റ് ഇട്ട സ്കൂളുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമ്പോളാണ് നൂറു കണക്കിന് ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് ഇട്ടിരിക്കുന്നത്. പ്രതിഷേധ യോഗം എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഡി. രമേശ്കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ജോയിന്റ് സെക്രട്ടറി ടോമിച്ചൻ കളങ്ങര, പി.സി. ജോസഫ്, തോമസ് മാത്യൂ കൊഴുപ്പക്കളം, സാബു മാത്യൂ കളത്തൂർ എന്നിവർ പ്രസംഗിച്ചു.



