പത്തനംതിട്ട:- വിവരാവകാശ നിയമം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഴിമതിയാണെന്നും അഴിമതിക്കാരുടെയും നിയമലംഘകരുടെയും ഭീഷണി വിവരാവകാശ നിയമത്തിന്റെ ശക്തി കുറയ്ക്കുന്നതായും കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ്. പി.എസ് ഗോപിനാഥ് അഭിപ്രായപ്പെട്ടു.
കേരള ജന വേദിയുടെ നേതൃത്വത്തിൽ നടന്ന വിവരാവകാശ നിയമം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില അഴിമതിക്കാരും നിയമ ലംഘകരുമായ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും വിവരാവകാശ കമ്മീഷണർമാരും അവരുടെ അഴിമതികൾക്ക് സംരക്ഷകവചം ഒഴുക്കുന്നതിന് വിവരാവകാശ നിയമത്തിന്റെ ആത്മാവിനെ ബലി നൽകുന്നു. പൗരന്മാർ ആവശ്യപ്പെടുന്ന വിവരങ്ങൾക്ക് യഥാസമയം മറുപടി നൽകാറില്ല. മറുപടി നൽകിയാൽ തന്നെ പൂർണ്ണമായി നൽകാറില്ല. വിവരാവകാശ കമ്മീഷനെ സമീപിച്ചാൽ ചില കമ്മീഷണർമാർ വർഷങ്ങളോളം പൗരന്മാരുടെ പരാതി താമസിക്കുന്നു. അവിടെ നിന്നും പൗരന്മാർക്ക് നീതി കിട്ടുന്നുമില്ല ഇതാണ് അഴിമതിക്കാരായ വിവരാവകാശ ഉദ്യോഗസ്ഥരും കമ്മീഷണർമാരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പിൽ കെ സ്മാർട്ട് മുഖാന്തിരം വിവരാവകാശ അപേക്ഷകളും അപ്പീലുകളും നൽകിയാൽ പോലും ചില പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും മറുപടി നൽകുന്നില്ലെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള മുൻ ഓംബുഡ്സ്മാൻ കൂടിയായ ജസ്റ്റിസ്റ്റ് ഗോപിനാഥ് കൂട്ടിച്ചേർത്തു.
കേരള ജന വേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ പീറ്റർ, പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ്, അലങ്കാർ അഷറഫ്, ജോർജ് വർഗീസ്, ശശികുമാർ തുരുത്തിയിൽ, ഇന്ദിര വാഴമുട്ടം, ഷൈജ, ഷീജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവരാവകാശ നിയമത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. റഷീദ് ആനപ്പാറ ബോധവൽക്കരണ ക്ലാസ് എടുത്തു.


