അടൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ചർച്ചകൾ അവസാന ഘട്ടത്തിൽ. പ്രാദേശിക നേതാക്കളെ സ്ഥാനാർത്ഥിയാക്കാനാണ് തുടക്കത്തിൽ ആലോചിച്ചിരുന്നതെങ്കിലും, വിജയിക്കാൻ സാദ്ധ്യതയുള്ള മികച്ച സ്ഥാനാർത്ഥിയെ എൽ.ഡി.എഫ് അവതരിപ്പിക്കുകയും രമ്യ ഹരിദാസിനെ രംഗത്തിറക്കാൻ യു.ഡി.എഫിൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു താര സ്ഥാനാർത്ഥിയെ അടൂരിൽ അവതരിപ്പിക്കാനും നേതൃത്വം ആലോചിക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമാണ്. നിലവിലെ ചർച്ചകളിൽ ബി.ജെ. പി ജില്ലാ സെക്രട്ടറിയും അടൂർ നഗരസഭ കൗൺസിലറുമായ രൂപേഷ് അടൂർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, കർണാടക സംഗീതജ്ഞൻ ഡോ. അടൂർ പി. സുദർശൻ, ബി.ജെ.പി ജില്ലാ സെക്രട്ടറിയും കോന്നി കല്ലേലി ക്ഷേത്ര ഭാരവാഹിയുമായ സലിംകുമാർ എന്നിവരും പരിഗണനയിലുണ്ട്. എല്ലാം കേന്ദ്രനേതൃത്വം വിലയിരുത്തിയ ശേഷമേ പ്രഖ്യാപനമുണ്ടാകു.
തിരുവനന്തപുരം ഡെപ്യൂട്ടി മേയർ എന്ന നിലയിൽ താരപരിവേഷമുള്ള ആശാനാഥ് അടൂരിൽ സ്ഥാനാർത്ഥിയായാൽ ശക്തമായ ത്രികോണ മത്സരമുണ്ടാകും എന്നുറപ്പ്. പന്തളം, പന്തളം തെക്കേക്കര, പള്ളിക്കൽ, ഏറത്ത്, അടൂർ നഗരസഭ എന്നിവിടങ്ങളിൽ ഇത്തവണ വോട്ടിൽ വർദ്ധനയുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.ഡി.എ യുടെ വോട്ട് 30000 ന് മുകളിൽ അടൂരിൽ വർദ്ധിച്ചിട്ടുണ്ട്. 2019 ൽ കെ. സുരേന്ദ്രന് അമ്പതിനായിരത്തിലധികം വോട്ട് ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയം. കൊടുമൺ, ഏഴംകുളം എന്നിവിടങ്ങളിലും നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലുണ്ട്. അടൂരും ബിജെപി തൂക്കുമോ എന്നാണു ഇനി അറിയേണ്ടത് . !!


