പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കും : മന്ത്രി വി. ശിവൻകുട്ടി

Pathanamthitta
Print Friendly, PDF & Email

അടൂർ – പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പെരിങ്ങനാട് തൃച്ചേന്ദമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
2026-27 സംസ്ഥാന ബജറ്റിൽ സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് 1128.71 കോടി രൂപ വകയിരുത്തി. കിഫ്ബിയിലൂടെ 2565 കോടി രൂപ ഈ മേഖലയിൽ വിനിയോഗിച്ചിട്ടുണ്ട്. ഒന്ന് മുതൽ 12 വരെയുള്ള 43 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ഇൻഷൂറൻസ് ഏർപ്പെടുത്തി. അപകട മരണം സംഭവിച്ചാൽ മൂന്ന് ലക്ഷം രൂപയും ചികിത്സയ്ക്കായി 75000 രൂപ വരെയും സർക്കാർ നൽകും. ഇതിന്റെ പ്രീമിയം പൂർണമായും സർക്കാർ വഹിക്കും. സ്‌കൂൾ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്തും. 20,000 ത്തോളം റോബോട്ടിക് കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രവിഹിതം കുറഞ്ഞെങ്കിലും കുട്ടികളുടെ ഭക്ഷണത്തിന് 410.66 കോടി രൂപ സർക്കാർ മാറ്റിയിട്ടുണ്ട്. 50 ൽ അധികം പട്ടികവർഗ വിദ്യാർഥികളുള്ള 340 സ്‌കൂളുകൾക്ക് 60 കോടി രൂപയുടെ ‘സ്പെഷ്യൽ എന്റിച്ച്മെന്റ് പദ്ധതി’ നടപ്പിലാക്കുന്നതായും മന്ത്രി കൂട്ടിചേർത്തു.

സമസ്ത മേഖലയിലും സർക്കാർ വികസനം സാധ്യമാക്കിയെന്ന് അധ്യക്ഷൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ആരോഗ്യം, പശ്ചാത്തലം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി കഴിഞ്ഞ 10 വർഷത്തിനിടെ 3000 കോടി രൂപയുടെ വികസനമാണ് അടൂർ നിയോജക മണ്ഡലത്തിൽ നടന്നത്. കിഫ്ബിയിലൂടെ അഞ്ച് കോടി രൂപയും എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപയും അനുവദിച്ച് ആധുനിക നിലവാരത്തിൽ അടൂർ സർക്കാർ ബോയ്സ് സ്‌കൂൾ കെട്ടിടം നിർമിച്ചു. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്ക് ആക്കി. പന്തളം തോട്ടകോണം, കിഴക്ക് പുറം ഹൈസ്‌കൂൾ, പൂഴിക്കാട് സർക്കാർ യു പി സ്‌കൂൾ, തുമ്പമൺ യു പി എസ്, ഏഴംകുളം എൽ പി എസ് തുടങ്ങി മണ്ഡലത്തിലെ സ്‌കൂളുകളെ ഉന്നത നിലവാരത്തിലെത്തിക്കാൻ സാധിച്ചതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയിലൂടെ മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് തൃച്ചേന്ദമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നിർമിച്ചത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനി ലാൽ, അംഗം ഷാജി വർഗീസ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആർ ദിൻരാജ്, വൈസ് പ്രസിഡന്റ് വി ഗീതദേവി, സ്ഥിരം സമിതി അധ്യക്ഷരായ എ റ്റി രാധാകൃഷ്ണൻ, എ പി സന്തോഷ്, എസ് സുബി, വാർഡ് അംഗം ആർ വത്സല, പ്രിൻസിപ്പൽ സുമിന കെ ജോർജ്, സംഘാടക സമിതി കൺവീനർ ജി കൃഷ്ണകുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *