പത്തനംതിട്ട: പണിക്ക് വന്ന വീട്ടിൽ രാത്രി മോഷണത്തിനെത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിന് കൈമാറി. കടമ്മനിട്ട കണ്ടംകുളം ലക്ഷംവീട് കോളനിയിൽ അബു എന്ന് വിളിക്കുന്ന അമൽ എന്ന ഇരുപത്തിയേഴുകാരനാണ് പിടിയിലായത്. ഇയാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച്ച രാത്രി പത്തരയോടെ കടമ്മനിട്ട മണ്ണിൽ പൊന്നമ്മയുടെ വീട്ടിലാണ് അബു മോഷ്ടിക്കാൻ കയറിയത്. ഉടമ തേവലക്കരയിലുള്ള ഇളയ മകളുടെ വീട്ടിൽ പോയതറിഞ്ഞാണ് കള്ളൻ സ്ഥലത്തെത്തിയത്. മുൻപ് ജോലിക്കായി അമലിനെ പൊന്നമ്മ വിളിച്ചിട്ടുണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോടെ വീടിനുള്ളിൽ കള്ളൻ പ്രവേശിച്ചിട്ടുണ്ടെന്ന് അയൽപക്കത്തുള്ളവർ എറണാകുളത്തുള്ള മകളെ അറിയിച്ചു. തുടർന്ന് മകൾ ആറന്മുള പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ പോലീസും നാട്ടുകാരും ചേർന്ന് വീട് വളയുകയും കള്ളനെ പിടികൂടുകയുമായിരുന്നു.
അമലിനെ മുൻപ് പൊന്നമ്മ വീട്ടിൽ പണിക്ക് വിളിച്ചിരുന്നു. വീടിന്റെ മുക്കും മൂലയും നോക്കി മനസിലാക്കി വച്ച ഇയാൾ വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയാണ് മോഷണത്തിന് വന്നത്. വീടിനുള്ളിൽ നുറുങ്ങൂവെട്ടം കണ്ട് നാട്ടുകാരിൽ ചിലർക്ക് തോന്നിയ സംശയമാണ് കള്ളനെ പിടികൂടുന്നതിലേക്ക് നയിച്ചത്. മൊബൈൽഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് തെളിച്ച് അലമാര കുത്തിത്തുറന്ന കള്ളൻ വെളിയിൽ നാട്ടുകാരും പോലീസും സംഘടിച്ചത് അറിയാതെ മോഷണം തുടരുകയായിരുന്നു.
വിവിധ മുറികളിൽ ഇയാൾ മോഷണം നടത്തുന്നതിന് വേണ്ടി പരതിയിരുന്നു. പോലീസെത്തി വിശദമായ പരിശോധന നടത്തി. ഇയാൾ ഒറ്റയ്ക്കല്ലെന്ന സംശയം പോലീസിന് ഉണ്ടായിരുന്നു. വീടിന്റെ മുക്കും മൂലയും തെരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾ കാവലിരുന്നാണ് നാട്ടുകാർ മോഷ്ടാവിനെ പിടികൂടിയത്.


