പറക്കോട്: ഏഴംകുളം, പറക്കോട് പ്രദേശങ്ങളിൽ കർട്ടൻ, ചവിട്ടുമെത്ത തുടങ്ങിയവ വിൽക്കാനെത്തുന്ന സംഘം ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതായി പരാതി. വീടുകളിലെത്തുന്ന സംഘം ആദ്യം കൃത്യമായ തുക പറയാതെയാണ് സാധങ്ങൾ കാണിക്കുക. സൗമ്യമായി സംസാരിച്ചാണ് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നത്. കഴിഞ്ഞദിവസം ഏഴംകുളം ജങ്ഷന് സമീപമുള്ള വീട്ടിൽ കുറഞ്ഞ തുകയ്ക്ക് ചവിട്ടുമെത്ത നൽകാമെന്ന് വീട്ടുകാരനെ ധരിപ്പിച്ചു. എന്നാൽ ചവിട്ടുമെത്ത മുറിച്ച് നിലത്ത് വിരിച്ച ശേഷം തുക കൂടുതൽ ചോദിക്കുകയായിരുന്നുവെന്ന് വീട്ടുകാരൻ പറയുന്നു. ദീർഘ നേരം തർക്കിച്ച ശേഷം ഇദ്ദേഹം പണം നൽകേണ്ടതായി വന്നു. അഞ്ചു പേരടങ്ങുന്ന സംഘമാണ് നിലവിൽ വില്പനയ്ക്ക് എത്തുന്നത്. സമാനമായ രീതിയിൽ പല വീടുകളിലും ഇത്തരത്തിൽ കബളിപ്പിക്കൽ നടന്നുവെന്നാണ് വിവരം. പലയിടത്തും അബദ്ധം പറ്റുന്നവർ നാണക്കേട് കരുതി പണം നൽകി സംഘത്തെ ഒഴിവാക്കുകയാണ്.
ഇതേപോലെ തട്ടിപ്പ് വ്യാപകമായി നടത്തിയ ഒമ്‌നി കാറിൽ കറങ്ങി നടന്നിരുന്ന നാലംഗ സംഘത്തെ ഒരു വർഷം മുമ്പ് പോലീസ് പിടികൂടിയിരുന്നു. എല്ലാ സ്ഥലങ്ങളിലും ഇതേപോലുള്ള സംഘങ്ങൾ കറങ്ങുന്നതായി പല ഭാഗങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. വീടുകളിലേക്ക് സാധങ്ങൾ വിൽക്കുവാനെന്ന പേരിൽ വരുന്നവരെ ഒഴിവാക്കുകയാണ് നല്ലത്. പ്രത്യേകിച്ച് സ്ത്രീകളും, കുട്ടികളും മാത്രമുള്ള വീടുകളിൽ. !! കർട്ടൻ ഇടാൻ അനുവദിച്ചാൽ അവർ പെട്ടെന്ന് തന്നെ കർട്ടൻ ഇടും. സ്‌ക്വയർ ഫീറ്റ് കൂട്ടി കാണിച്ചും, സ്‌ക്വയർ ഫീറ്റിന് ഏതാണ്ട് 50 രൂപാ മാത്രമുള്ള കാർട്ടനുകൾക്ക് മുഴുവൻ ഇട്ട ശേഷം ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ ചോദ്യം. പോലീസിൽ പരാതിപ്പെട്ടപ്പോൾ ആണ് മുമ്പ് ഇങ്ങനെ ഒരു സംഘം പിടിയിലായത്. സംശയം തോന്നുന്ന സംഘങ്ങളെക്കുറിച്ചു അപ്പോൾത്തന്നെ പോലീസിൽ അറിയിക്കുകയാണ് വേണ്ടത്.


