കോട്ടാങ്ങൽ പഞ്ചായത്തിൽ നടന്നത് വിചിത്രമായ കാര്യങ്ങൾ ; നറുക്കു വീണയാള്‍ക്ക് പകരം എതിര്‍ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു: പരാതി നൽകുമെന്ന് എസ്ഡിപിഐ

Pathanamthitta Politics
Print Friendly, PDF & Email

മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വരണാധികാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചട്ടം ലംഘിച്ചതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു നാമനിർദ്ദേശങ്ങളാണ് വന്നത്. അതിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫ് – അഞ്ച്, ബിജെപി – അഞ്ച്, എസ്ഡിപിഐ – മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്ന് നാമനിർദ്ദേശങ്ങളിൽ രണ്ടെണ്ണം സമനില വന്നാൽ, ഏറ്റവും വോട്ട് കുറഞ്ഞ കക്ഷിയെ മാറ്റിനിർത്തി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതാണ് രീതി. എന്നാൽ, കോട്ടാങ്ങൽ പഞ്ചായത്തിൽ രണ്ടാമതൊരു തെരഞ്ഞെടുപ്പ് നടന്നില്ല. നേരെ നറുക്കെടുപ്പിലേക്ക് കടക്കുകയായിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധമാണ്. മറ്റൊരു ഗുരുതരമായ വീഴ്ച വരുത്തിയത് നറുക്കെടുപ്പിലാണ്. സാധാരണ നിലയിൽ രണ്ട് പേരുകളിലെ നറുക്കെടുപ്പാണെങ്കിൽ നറുക്കെടുക്കപ്പെടുന്നയാളാണ് വിജയിയാകേണ്ടത്. അങ്ങനെയാണെങ്കിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ കോൺഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്.

എന്നാൽ റിട്ടേണിങ് ഓഫീസർ നറുക്കെടുക്കപ്പെട്ട ആളെ ഒഴിവാക്കുകയാണ് ചെയ്തത്. ഇത് ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസിന് അറിയാത്തതല്ല. മറിച്ച് ബിജെപിയുമായുള്ള ധാരണയിലാണ് പരാതി കൊടുക്കാൻ പോലും കോൺഗ്രസ് തയാറാകാത്തത്. ഈ വിഷയത്തിൽ എസ്ഡിപിഐ നിയമപരമായി മുന്നോട്ടുപോകും. ജില്ലാ വരണാധികാരിക്ക് പരാതി നൽകിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറെ കൂട്ടുപിടിച്ച് നടത്തിയ ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയണം. ജനാധിപത്യപരമായ നടപടിക്രമങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ജില്ല വർണാധികാരിയിൽ നിന്ന് നീതിപൂർവമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം.

ചട്ടവിരുദ്ധമായി നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പേഴുംകാട്ടിൽ, കോട്ടാങ്ങൽ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ അനസ് മുഹമ്മദ് എ ഐ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *