തിരുവനന്തപുരം – കേരളത്തിൽ മുമ്പും ജോലിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പുതിയ പോലീസ് മേധാവിയാകാനൊരുങ്ങുന്ന റവാഡ എ. ചന്ദ്രശേഖർ. സംസ്ഥാനത്തെ നിർണായകമായ പല കേസുകളിലും അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ട്. 1991-ലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര ഇന്റലിജൻസ് സ്‌പെഷ്യൽ ഡയറക്ടർ ചുമതല ഉൾപ്പെടെ വഹിച്ചിട്ടുണ്ട്. തിങ്കളാഴ്ച വിരമിക്കുന്ന ഷേക്ക് ദർവേഷ് സാഹിബിൻറെ പിൻഗാമായായാണ് അദ്ദേഹം ഡിജിപിയായി ചുമതലയേറ്റെടുക്കുക.
1994 നവംബർ 25-ലെ വിവാദമായ കൂത്തുപറമ്പ് വെടിവെപ്പ്. അഞ്ച് ഡിവൈഎഫ്‌ഐക്കാർ കൊല്ലപ്പെടുകയും പുഷ്പൻ ഉൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ സംഭവം സിപിഎമ്മിൻറെ ചരിത്രത്തിലെ എക്കാലത്തെയുംനീറുന്ന രക്തസാക്ഷിത്വമാണ്. മൂന്നു പതിറ്റാണ്ടു നീണ്ട കിടപ്പു ജീവിതത്തിനൊടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 28-നാണു സഖാവ് പുഷ്പൻ വിടവാങ്ങിയത്. വെടിയേറ്റ് കഴുത്തിന് താഴെ തളർന്ന ശരീരവുമായി 30 കൊല്ലം ജീവിച്ച അദ്ദേഹത്തെ ഭരണകൂട ഭീകരതയുടെ തോക്കിനെ തോൽപ്പിച്ച പോരാളിയായാണ് വിലയിരുത്തപ്പെടുന്നത്.
1994 ൽ കണ്ണൂർ എ.എസ്.പി. ആയിരിക്കേ റവാഡ ചന്ദ്രശേഖറാണ് കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയത്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാൻ കൂത്തുപറമ്പിലെത്തിയതായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ. കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവൻ. ഇരമ്പിയെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെ പോലീസ് ലാത്തിവീശി. തുടർന്ന് കല്ലേറും സംഘർഷവുമുണ്ടായി. കണ്ണീർവാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പോലീസ് നിറയൊഴിച്ചു. അന്ന് ആ വെടിവെപ്പിന് ഉത്തരവിട്ടത് റവാഡയായിരുന്നു. അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. എഎസ്പിയായി നിയമിതനായി പിറ്റേന്നുതന്നെയായിരുന്നു ഈ സംഭവം. ഇതോടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം തന്നെ കയ്പ്പുനിറഞ്ഞതായി.
കേസിൽ റവാഡയെയും പ്രതിചേർത്ത് കൊലക്കുറ്റം ചുമത്തി. പിന്നീട് 2012-ൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. കൊല നടത്താനുള്ള വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിർവഹണത്തിലായിരുന്നെന്നും നിരീക്ഷിച്ചാണ് കോടതി മറ്റു പ്രതികളെ ഉൾപ്പെടെ കുറ്റവിമുക്തരാക്കിയത്. തുടർന്ന് കേന്ദ്ര സർവീസിലേക്ക് നിയമിക്കപ്പെട്ടു. അങ്ങനെ സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടൽ നടത്തിയ അദ്ദേഹം, സിപിഎം സർക്കാരിൻറെ കാലത്തുതന്നെ പോലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നു എന്നതാണ് കൗതുകകരമായ കാര്യം.
റവാഡയോട് സിപിഎമ്മിന് അനിഷ്ടമില്ല എന്ന ഒരു പ്രഖ്യാപനം കൂടിയായാണ് നിയമനം വിലയിരുത്തപ്പെടുക. എന്നാൽ, കൂത്തുപറമ്പ് വെടിവെപ്പിൻറെയും രക്തസാക്ഷിത്വത്തിൻറെയും പൊള്ളുന്ന സ്മരണകൾ ഇപ്പോളും സിപിഎം പ്രവർത്തകരിൽ ഉണ്ട് എന്നതാണ് സത്യം. എന്തായാലും അദ്ദേഹം ചുമതലയേറ്റാൽ നിലവിലെ സിസ്റ്റം എല്ലാം പൊളിച്ചടുക്കുമോ എന്നാണു പലരും നിരീക്ഷിക്കുന്നത്. !!
What do you feel about this post?
Like
Love
Happy
Haha
Sad

