ശക്തി സഫ്ദർ ഹാഷ്മി തെരുവ്‌ നാടകമത്സരം ; മികച്ച നാടകം “കാടകം” സംവിധായകൻ പ്രകാശൻ തച്ചങ്ങാട്

Music World

അബുദാബി: തെരുവ് നാടകം എന്ന ശക്തമായ മാധ്യമം ഉപയോഗിച്ച് സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിച്ച പ്രതിഭാശാലിയായ നാടകപ്രവർത്തകൻ സഫ്‌ദർ ഹാഷ്മിയുടെ സ്മരണാർഥം ശക്തി തിയറ്റേഴ്‌സ് അബുദാബി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരത്തിൽ മികച്ച നാടകമായി ശക്തി തിയറ്റേഴ്‌സ് നാദിസിയ മേഖല അവതരിപ്പിച്ച ‘കാടകം’ തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് ശക്തി തിയറ്റേഴ്‌സ് ഷാബിയ മേഖല അവതരിപ്പിച്ച വെട്ടുകിളികളും ശക്തി തിയറ്റേഴ്‌സ് നജ്‌ദ യൂണിറ്റ് അവതരിപ്പിച്ച ദുരന്തഭൂമിയും പങ്കിട്ടെടുത്തു.

കാടകം സംവിധാനം ചെയ്ത പ്രകാശൻ തച്ചങ്ങാടിനെ മികച്ച സംവിധായകനായും രണ്ടാമത്തെ സംവിധായികയായി ശക്തി ഷാബിയ മേഖല അവതരിപ്പിച്ച ‘വെട്ടുകിളികൾ’ സംവിധാനം ചെയ്ത ശ്രീഷ്മ അനീഷിനെയും തെരഞ്ഞെടുത്തു. വെട്ടുകിളികളുടെ രചനയും ശ്രീഷ്മയുടേത് തന്നെയായിരുന്നു.
മികച്ച നടനായി കാടകത്തിൽ അഭിനയിച്ച ശ്രീബാബു പിലിക്കോടിനേയും , രണ്ടാമത്തെ നടനായി ഒണ്ടാരിയോ തിയറ്റേഴ്‌സ് ദുബായ് അവതരിപ്പിച്ച ചതുരകൂപത്തിലെ നന്ദകുമാറിനെയും തെരഞ്ഞെടുത്തു. മികച്ച നടി രൂഷ്‌മ (ചതുരകൂപം), രണ്ടാമത്തെ നടി ഷീന സുനിൽ (കാടകം).
മികച്ച ബാലതാരമായി ദുരന്ത ഭൂമിയിൽ അഭിനയിച്ച(അൻവിത സരോയെ തെരഞ്ഞെടുത്തപ്പോൾ അഖണ്ഡ ദുബയ് അവതരിപ്പിച്ച ‘ഗർ’ എന്ന നാടകത്തിൽ അഭിനയിച്ച ദൈഷ്‌ണയ്‌ക്കായിരുന്നു രണ്ടാം സ്ഥാനം.

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി 9 തെരുവ് നാടകങ്ങൾ മത്സരത്തിൽ അരങ്ങേറി. ലഹരിക്കെതിരെ, അന്ധവിശ്വാസങ്ങൾക്കെതിരെ, ഭരണകൂടനെറികേടുകൾക്കെതിരെ, വയനാട് പ്രകൃതി ദുരന്തം തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ പ്രമേയങ്ങളാക്കി പ്രേക്ഷകരുമായി ശക്തമായി സംവദിക്കുന്നവയായിരുന്നു മുഴുവൻ നാടകങ്ങളും.

മുൻഷിയിലൂടെ ഏറെ ശ്രദ്ധേയനായ കലാകാരൻ ബിജു ഇരിണാവ്, കഴിഞ്ഞ ഭരത് മുരളി നാടകോത്സവത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ഒ. ടി. ഷാജഹാൻ എന്നിവരായിരുന്നു വിധികർത്താക്കൾ.

ശക്തി പ്രസിഡന്റ് കെ. വി. ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് സഫ്ദർ ഹാഷ്മി നാടകോത്സവം അൽ നസ്ർ ജനറൽ സർവീസസ് മാനേജിങ്ങ് ഡയറക്ടർ രാജൻ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.

ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ശക്തി ആക്ടിങ്ങ് ജനറൽ സെക്രട്ടറി വി. വി. നികേഷ്, കലാവിഭാഗം സെക്രട്ടറി അജിൻ പോത്തെറ, അസി. കലാവിഭാഗം സെക്രട്ടറി സൈനു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു.

ഫോട്ടൊ:
1. പ്രകാശൻ തച്ചങ്ങാട് (മികച്ച സംവിധായകൻ)
2. ശ്രീബാബു പിലിക്കോട് (മികച്ച നടൻ)
3. രൂഷ്‌മ (മികച്ച നടി)
4. അൻവിത സരോ (മികച്ച ബാലതാരം)
5. ഒന്നാം സമ്മാനാർഹരായ ‘കാടകം’ എന്ന നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും അവാർഡ് ഏറ്റുവാങ്ങുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *