പന്തളം – തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിർവഹിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പരിപാടിയാണിത്.
ഓരോ ക്ലാസിലും പ്രായത്തിനനുസരിച്ച് കുട്ടികൾ നേടേണ്ട ശേഷികൾ ഉറപ്പുവരുത്തുന്നതിനോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠനരീതികളെ ആധുനികമാക്കുകയും ഓൺലൈൻ പഠന ഫോറങ്ങൾ സജീവമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് റാഹേൽ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനായ എൻ കെ ശ്രീകുമാർ, അംഗങ്ങളായ വി പി വിദ്യാധര പണിക്കർ, പൊന്നമ്മ വർഗീസ്, ജയാദേവി, അംബിക, ശ്രീവിദ്യ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഉഷ, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ ദീപു, സിഡിഎസ് ചെയർപേഴ്‌സൺ രാജി പ്രസാദ്, അധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


