സന്തോഷിക്കാൻ ഒരിടം ; ഹാപ്പിനെസ് പാർക്കുമായി പെരിങ്ങര ഗ്രാമപഞ്ചായത്ത്

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സായാഹ്നങ്ങൾ ചെലവഴിക്കാൻ ഗ്രാമ തനിമയിൽ മനോഹര പാർക്ക് ഒരുക്കി പെരിങ്ങര ഗ്രാമപഞ്ചായത്ത്. ശുദ്ധവായു ശ്വസിച്ചും പച്ചപ്പ് അനുഭവിച്ചും ഗ്രാമീണ കാഴ്ചകൾ കണ്ട് മനം കവരാൻ പഞ്ചായത്തിലെ മൂന്നാം വാർഡിലെ വേളൂർ – മുണ്ടകം പ്രദേശത്താണ് ഹാപ്പിനെസ് ഹരിത പാർക്ക്. ഒരുവശത്ത് വിശാലമായ പാടശേഖരവും മറുവശം ന്യൂ മാർക്കറ്റ് തോടുമാണ്. പാതയോരത്ത് ചാരുബെഞ്ചുകളും ആരോഗ്യ പരിപാലനത്തിന് ജിംനേഷ്യം ഉപകരണങ്ങൾ, ഭക്ഷണശാലകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തോടിലൂടെ ബോട്ടിംഗ് സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു അടിയോളം വലിപ്പമുള്ള ഇരുപതോളം വൃക്ഷതൈകൾ ചാരുബെഞ്ചുകൾക്ക് ചുറ്റും നട്ടുപിടിപ്പിക്കും. മാലിന്യത്തിൽ നിന്ന് നിർമിച്ച കരകൗശല വസ്തുക്കളും ശിൽപ്പങ്ങളും കൊണ്ട് പാർക്ക് അലങ്കരിക്കും. സെൽഫി പോയിന്റുകളും ഇതിനൊപ്പമുണ്ട്. പദ്ധതിക്കായി ആറര ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്.

ജന്മദിന ആഘോഷങ്ങൾ, സാംസ്‌കാരിക പരിപാടികൾ, മറ്റ് കൂട്ടായ്മകൾ തുടങ്ങിയവ സംഘടിപ്പിക്കും വിധമാണ് പാർക്ക് ഒരുക്കുന്നത്. മാസത്തിലൊരിക്കൽ പാർക്കിൽ ഹാപ്പിനെസ് ഡേ ആഘോഷിക്കും. ചെസ്, കാരംസ് തുടങ്ങിയവയ്ക്കും സൗകര്യമൊരുക്കും. കുടിവെള്ളം, സൗജന്യ വൈഫൈ, സിസിടിവി എന്നിവ തയ്യാറാക്കും. പരിസ്ഥിതി സംരക്ഷണം, കല, സർഗാത്മകത എന്നിവ വളർത്തി വേനലവധി ആഘോഷമാക്കാനാണ് ലക്ഷ്യം. ഏപ്രിൽ ആദ്യ വാരത്തോടെ പാർക്ക് പൂർണസജ്ജമാകും. പാഴ്വസ്തുക്കൾ സൃഷ്ടിപരമായ രീതിയിൽ ഉപയോഗിച്ചും സാധ്യമായ എല്ലാ വിധത്തിലും സന്തോഷം പകർന്ന് പഞ്ചായത്തിനെ വൃത്തിയുള്ളതും ഹരിതാഭവുമാക്കുക എന്നതാണ് ഹാപ്പിനെസ് പാർക്കിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എബ്രഹാം തോമസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *