എമ്പുരാന് വേണ്ടി പ്രാർത്ഥിക്കാൻ സ്റ്റീഫൻ നെടുമ്പളളിയും എത്തി : പമ്പയിൽ നിന്ന് കെട്ടുമുറുക്കി മോഹൻലാലും മലചവുട്ടി

Cinema
Print Friendly, PDF & Email

ശബരിമല: കെട്ടുംകെട്ടി മലചവുട്ടി അയ്യപ്പദർശനം നടത്തി നടൻ മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം സന്നിധാനത്ത് ചൊവ്വാഴ്ച എത്തിയത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധനേടുകയാണ്. പത്തു വർഷത്തിന് ശേഷമാണ് അദ്ദേഹം മലചവുട്ടിയത്.

പമ്പയിൽ എത്തിയ മോഹൻലാൽ ഗണപതിക്കോവിലിൽ ഇരുമുടി കെട്ടി മല ചവിട്ടുകയായിരുന്നു. ഒന്നര മണിക്കൂർ കൊണ്ടാണ് താരം സന്നിധാനത്ത് എത്തിയത്. ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നുവെങ്കിലും ദർശനം നടത്തിയ അദ്ദേഹം തന്ത്രിയുമായും ജീവനക്കാരുമായും ഒക്കെ കൂടിക്കാഴ്ച നടത്തി. ദേവസ്വം എക്‌സിക്യൂട്ടീവ് അംഗങ്ങൾ അടക്കം മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. നാളെ രാവിലെ നിർമ്മാല്യം കൂടി തൊഴുത ശേഷമാകും നടൻ മലയിറങ്ങുക.

എമ്പുരാന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ, സിനിമയുടെ പ്രമോഷനും റിലീസും കഴിയുന്നത് വരെ മറ്റു പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ് മോഹൻലാൽ എന്നാണ് റിപ്പോർട്ടുകൾ. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്!ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

Leave a Reply

Your email address will not be published. Required fields are marked *