തിരുവനന്തപുരം – ക്ഷേത്രങ്ങളിലെ ഉത്സവഘോഷയാത്രകളിൽ അടിച്ചുപൊളി പാട്ടും ഇട്ടുള്ള ഡിജെയും കാത്തു തുളയ്ക്കുന്ന ശബ്ദമുള്ള അസുരവാദ്യമായ നാസിക്‌ഡോളും ലേസർഷോയും ഒക്കെ ഉപയോഗിക്കുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിലക്കും. ക്ഷേത്രങ്ങളിൽ ആനയിടഞ്ഞ് മരണങ്ങൾ ആവർത്തിക്കുന്നതോടെ ഉത്സവനയത്തിൽ മാറ്റംവരുത്താൻ ദേവസ്വംബോർഡിന്റെ തീരുമാനം. ആചാരപരമായ കാര്യങ്ങളിൽ മാത്രം ആനയെഴുന്നള്ളത്തിന് വിലക്കില്ല. ക്ഷേത്രങ്ങളിലെ പൂജകളുമായി ബന്ധപ്പെട്ടുള്ള പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾക്കു മാത്രമായി ആനകളെ ചുരുക്കാനാണ് തീരുമാനം. സ്ഥല പരിമിതിയുള്ള ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളത്തിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും..
ഓരോ ക്ഷേത്രത്തിലെയും ആചാരത്തിനും ചടങ്ങിനുമൊത്ത് എഴുന്നള്ളത്തിന് രഥമാകാം. അല്ലെങ്കിൽ ദേവസങ്കല്പത്തിലുള്ള മറ്റു രീതിയിൽ എഴുന്നള്ളത്തു നടത്തണം. രഥങ്ങളിൽ ദേവീദേവന്മാരെ എഴുന്നള്ളിക്കുന്നതിനോട് യോഗക്ഷേമസഭ അടുത്തിടെ അനുകൂല നിലപാടെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ അടക്കം രഥങ്ങളിലാണ് ദേവ സങ്കൽപ്പത്തിന്റെ എഴുന്നെള്ളത്ത് നടക്കുക. പഴനിയിൽ അത് തങ്കത്തേരിലും നടക്കുന്നുണ്ട്.
അടിച്ചുപൊളി കൂട്ടാൻ ഡിജെയിൽ ‘അഴകിയ ലൈല’പോലുള്ള തട്ടുപൊളിപ്പൻ പാട്ടുകേൾപ്പിച്ച് ഉത്സവഘോഷയാത്ര നടത്തുന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആനയ്ക്ക് പ്രകോപനമുണ്ടാക്കുന്നതരത്തിലാണ് നാസിക്‌ഡോളും ലേസർഷോയും ഡിജെയും ഒക്കെ ഉപയോഗിക്കുന്നത്. ഇതൊക്കെ ആനയിടയാൻ കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. എഴുന്നെള്ളത്തിനു ദേവരഥം ഉപയോഗിച്ചാൽ ഇത്തരം പ്രതിസന്ധി ഒഴിവാക്കി സുരക്ഷിതമായി ഉത്സവം നടത്താമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
ആനയെ എഴുന്നെള്ളിക്കേണ്ടിവന്നാൽ എണ്ണം പരിമിതപ്പെടുത്തും. സപ്താഹം, നവാഹം പോലുള്ള ചടങ്ങുകൾക്കും ഉത്സവ ഘോഷയാത്രകൾക്കും ആനയെ കൊടുംചൂടിൽ റോഡിലൂടെ നടത്തിക്കുന്നത് ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
What do you feel about this post?
Like
Love
Happy
Haha
Sad

