ലോഡിംഗ് ചെയ്തതിന്റെ കൂലി കുറഞ്ഞതിന്റെ പേരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിയ പ്രതികൾ അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: ലോഡിംഗ് ജോലി ചെയ്തതിന്റെ കൂലി കുറഞ്ഞുപോയെന്നു പറഞ്ഞു വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട കുമ്പഴ മൈലാട് പാറ മേപ്രത്ത് മുരുപ്പേല്‍ വീട്ടില്‍ സുരേഷിനെ, പുല്ലരിയാനുപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയില്‍ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടുകൂടി ഇയാളുടെ വീട്ടില്‍ വച്ച് സുഹൃത്തുക്കളും അയല്‍വാസികളുമായ ഇരുപ്പച്ചുവട്ടില്‍ അനില്‍ രാജ്(45),പതാലില്‍ പുത്തന്‍ വീട്ടില്‍ എസ് പി കുട്ടപ്പന്‍(53) എന്നിവരാണ് അതിക്രമിച്ചകയറി ഉപദ്രവിച്ചത്. ഇവരെ ഇന്ന് രാവിലെ മൈലാടുപാറയില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

സുരേഷും പ്രതികളും അടുത്ത സുഹൃത്തുക്കളും ഒരുമിച്ച് കൂലിപ്പണികള്‍ ചെയ്യുന്നവരുമാണ്. കഴിഞ്ഞ ദിവസം ചെയ്ത ജോലിയുടെ കൂലി 1000 രൂപ സുരേഷ് കൊടുത്തില്ല എന്നാരോപിച്ച് ഇന്നലെ രാവിലെ മൈലാട് പാറയില്‍ വെച്ച് ഇവര്‍ തമ്മില്‍ സംസാരം ഉണ്ടാവുകയും, തുടര്‍ന്ന് വീട്ടിലേക്ക് പോയ സുരേഷിനെ ഉച്ചയ്ക്ക് 12 ഓടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും വീട്ടുമുറ്റത്ത് കിടന്ന വെട്ടിരുമ്പെടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം തലയ്ക്ക് പിന്നില്‍ ഒന്നാം പ്രതി വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സുരേഷ് വീട്ടില്‍ ഒറ്റയ്ക്കാണ് താമസം, ഭാര്യ 11 വര്‍ഷം മുമ്പ് പിണങ്ങി പോയതാണ്.

ഇയാളുടെ മൊഴിപ്രകാരം കേസെടുത്ത പത്തനംതിട്ട പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മയിലാടുപറയില്‍ നിന്നും പ്രതികളെ ഇന്നുരാവിലെ പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും, ആയുധം കണ്ടെടുക്കുകയും ചെയ്തു.വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു, ഇവരുടെ മൊഴി രേഖപ്പെടുത്തി.

ഒന്നാം പ്രതി അനില്‍ രാജ് മുമ്പ് പത്തനംതിട്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലും, മോഷണ കേസിലും, കൂടല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *