ഇലന്തൂർ – ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം നേടുമെന്ന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനുള്ള 100 ദിവസത്തെ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂർ പെട്രാസ് കൺവൻഷെൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷയരോഗനിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ഏറ്റവും പ്രധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്. രോഗബാധിതരെ കണ്ടെത്തി മികച്ച ചികിത്സ നൽകി അണുബാധ വ്യാപനം തടയുക എന്നതാണ് പ്രധാന ദൗത്യം. രോഗമരണ നിരക്ക് കുറയ്ക്കുക. അനാവശ്യ ഭയം ഒഴിവാക്കുക, രോഗബാധിതരെ ഒറ്റപ്പെടുത്തുന്നത് തടയുക എന്നിവയും ലക്ഷ്യമിടുന്നു. സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യമേഖലയിലും കൃതമായ പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നു. സിസ്റ്റം ഫോർ ടി. ബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ എന്ന പേരിൽ സംസ്ഥാനസർക്കാർ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ പദ്ധതിക്ക് 2023 ൽ ദേശീയ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.

കാമ്പയിനുമായി ബന്ധപ്പെട്ട് കർമനിരതരായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് താഴെ തട്ടിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ മെമന്റോ നൽകി ആദരിച്ചു. ക്ഷയരോഗ ചികിത്സാ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ,എൻ. എച്ച്. എസ്. ആർ. സി എക്സിക്യുട്ടീവ് ഡയറക്ടർ മേജർ ജനറൽ, പ്രൊഫ. അതുൽ കോത്വാൾ, ആരോഗ്യവകുപ്പ് ഡയറക്ടർ കെ. ജെ. റീന, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് അംഗം ആതിരാ ജയൻ, വാർഡ് അംഗം സജി തേക്കുംകര, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി,ആരോഗ്യകേരളം ജില്ലാ പ്ലോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ജില്ലാ ടി. ബി. ഓഫീസർ ഡോ. കെ. എസ്. നിരൺ ബാബു തുടങ്ങിയവർ പങ്കെടുത്തു.


