പത്തനംതിട്ട: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല ദ്വിദിന ശിൽപ്പശാല സമാപിച്ചു. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുത്തു. മാലിന്യ സംസ്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, സമ്പൂർണ്ണത, സുസ്ഥിരത എന്നിവയിൽ വിശദമായ സംവാദങ്ങൾ തന്നെ ശിൽപ്പശാലയിൽ നടന്നു.
പത്തനംതിട്ടയിലെ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് ബാച്ചുകളായി തിരിച്ചാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്. പത്തനംതിട്ട കുളനട പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളായിരുന്നു ശിൽപ്പശാല വേദി. പരിപാടിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ജില്ലയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാലിന്യ സംസ്കരണ രംഗത്ത് ജില്ലയിൽ സ്വീകരിക്കേണ്ട നടപടികൾ, ഏറ്റെടുക്കേണ്ട പദ്ധതികൾ എന്നിവയിൽ അന്തിമരൂപം നൽകി പരിപാടി സമാപിച്ചു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ദ്വിദിന ശില്പ ശാലയുടെ ഉദ്ഘാടന കർമ്മം പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാജി പി രാജപ്പൻ നിർവഹിച്ചു. ബഹു. ജില്ലാ ജോയിന്റ് ഡയറക്ടർ നൈസാം എ എസ് സ്വാഗതം ആശംസിച്ച ശില്പശാലയിൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ. നിഫി എസ് ഹക്ക് ചടങ്ങിൽ ശുചിത്വ പ്രതിജ്ഞ ചൊല്ലി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജി നൈനാൻ ആശംസകൾ അറിയിച്ചു. നവകേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ.ജി അനിൽകുമാർ വിഷയാവതരണം നടത്തി. സംസ്ഥാന തലത്തിൽ നിന്നും വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ശില്പശാലയിൽ സന്നിഹിതരായിരുന്നു.

വരും നാളുകളിൽ ശുചിത്വ- മാലിന്യ മുക്ത മേഖലയിൽ കൂടുതൽ പദ്ധതികൾ ഏറ്റെടുത്ത് മുന്നോട്ട് പോകാൻ ശിൽപ്പശാലയിൽ തീരുമാനമെടുത്തു. ശിൽപ്പശാലയിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിൽ വിഷയാവതരണങ്ങളും നടന്നു. മാലിന്യ സംസ്കരണ രംഗത്ത് ജില്ലയിലെ വിവിധ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ പരിപാടിയിൽ ചർച്ചയായി. സ്വച്ഛ് ഭാരത് മിഷൻ ഫണ്ടുകൾ ഉപയോഗിച്ച് ഖര-ദ്രവ മാലിന്യ സംസ്കരണ രംഗത്ത് കൂടുതൽ പ്രോജക്ടുകൾ നടപ്പാക്കുമെന്ന് ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് ശിൽപ്പശാലയിൽ വ്യക്തമാക്കി.


