പ്രൈവറ്റ് ബസിൽ നിന്ന് 11 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Crime
Print Friendly, PDF & Email

തിരുവല്ല: പ്രൈവറ്റ് ബസില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ 11 ഗ്രാം എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തു. പഴകുളം വലിയവിളയില്‍ വീട്ടില്‍ ഫൈസല്‍ മുഹമ്മദ്( 24) ആണ് ഡാന്‍സാഫ് സംഘത്തിന്റെയും തിരുവല്ല പോലീസിന്റെയും സംയുക്ത പരിശോധനയില്‍ തിരുവല്ല മഴുവങ്ങാട് നിന്നും പിടിയിലായത്. ബംഗളുരുവില്‍ നിന്നും അടൂരിലേക്കുള്ള സ്വകാര്യ യാത്രാബസ്സില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ഡാന്‍സാഫ് ടീമിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. യുവാവിന്റെ ഷൂവിനുള്ളിലും പാന്റ്‌സിന്റെ പോക്കറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. തിരുവല്ല പോലീസ് തുടര്‍ നടപടി സ്വീകരിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. സംസ്ഥാനത്തിന് പുറത്തു നിന്നു കൊണ്ടുവന്നതാണ് ഇതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വ്യാവസായിക അളവിലുള്ളതാണ് പിടിച്ചെടുത്ത എം.ഡി.എം.എ. ചെങ്ങന്നൂരില്‍ എട്ടു കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രതിയാണ് ഇയാള്‍. ലഹരിമരുന്നിന്റെ ഉറവിടത്തെ സംബന്ധിച്ചും കൂട്ടാളികള്‍ ആരെങ്കിലുമുണ്ടോ തുടങ്ങിയ വിവരങ്ങളെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *