ഫണ്ട് നൽകുന്നത് വേണ്ടപ്പെട്ടവർക്ക് മാത്രം ; കരുണാപുരം പഞ്ചായത്ത് കമ്മറ്റിയിൽ വാക്കേറ്റവും അശ്ലീല പരാമർശവും :

Idukki Politics
Print Friendly, PDF & Email

ഇടുക്കി: കരുണാപുരം പഞ്ചായത്ത് കമ്മിറ്റിയിൽ വാക്കേറ്റം. വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ് ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കടുത്ത വാക്കേറ്റം നടന്നത്. പഞ്ചായത്ത് ഫണ്ട് പക്ഷപാതപരമായി വീതിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.16 ലക്ഷം രൂപ വീതം തങ്ങൾക്ക് അനുവദിച്ച ശേഷം ഒരു കോടി രൂപ ഭരണസമിതി അംഗങ്ങൾ ഏകപക്ഷീയമായി കൈകാര്യം ചെയ്യാനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ജില്ലാ പ്ലാനിങ് ഓഫിസിൽ നിന്നും അംഗീകാരം നൽകാതെ മാസങ്ങൾക്ക് മുൻപേ തിരിച്ചയച്ച പ്ലാൻ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ പോലും ഭരണസമിതി തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ശേഷം കോഴ വാങ്ങി നിയമനം നടത്താനാണ് ഭരണസമിതിയുടെ നീക്കം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അശ്ലീല ചുവയോടെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും നടത്തുന്ന പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ വനിതാ അംഗങ്ങൾ വനിതാ കമ്മിഷനെ സമീപിക്കുമെന്നും പഞ്ചായത്തിലെ പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് മിനി പ്രിൻസ് പറഞ്ഞു.

കൂറുമാറ്റത്തിലൂടെ അധികാരത്തിലേറിയ നിലവിലെ പ്രസിഡന്റ് ജനാധിപത്യ ഭരണസംവിധാനം അട്ടിമറിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.എന്നാൽ, പഞ്ചായത്തിലെ 17 മെമ്പർമാർക്കും 16 ലക്ഷം രൂപ വീതം തുല്യമായാണ് നൽകിയതെന്നും ബാക്കി ഒരു കോടി രൂപ പഞ്ചായത്തിലെ എല്ലാ വാർഡുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിനായാണ് വിനിയോഗിക്കുന്നതെന്നും പ്രസിഡന്റ് പറയുന്നു. കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനാലാണ് താൽക്കാലിക ജീവനക്കാരെ മാറ്റാൻ കമ്മിറ്റി തീരുമാനമെടുത്തതെന്നുമാണ് പ്രസിഡന്റ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *