ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ മുന്നണികൾ പുറം തിരിച്ചു നിൽക്കുന്നു: കെസിസി

Kerala Pathanamthitta Politics
Print Friendly, PDF & Email

ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ മുന്നണികൾ പുറം തിരിച്ച് നിൽക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കി പോകുന്ന മുന്നണികൾ ന്യൂനപക്ഷ വിഭാഗത്തിലെ തന്നെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ തിരസ്‌കരിക്കുന്ന സമീപനമാണ് കാലാകാലങ്ങളായി നടത്തിയിരുന്നത്. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പ്രധാന മുന്നണി നേതാക്കന്മാരുമായി നടത്തിയ സംവാദത്തെ തുടർന്ന് കെ. സി. സി. മൂന്നു മുന്നണികളോടുമായി അവരുടെ ഭരണത്തിൽ ക്രൈസ്തവ സമൂഹത്തിന് ഉണ്ടായ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടുന്നു. 1950 ലെ പ്രസിഡൻഷ്യൽ ഓർഡറിലൂടെ ദളിത് ക്രൈസ്തവർക്ക് സംവരണ ആനുകൂല്യം നിഷേധിച്ച കോൺഗ്രസ് സർക്കാർ തിരികെ അധികാരത്തിലെത്തിയാൽ മതത്തിന്റെ പേരിൽ ഉള്ള ഈ വിവേചനം അവസാനിപ്പിക്കും എന്ന് ഉറപ്പു നൽകണം. അതോടൊപ്പം തന്നെ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിത് ക്രൈസ്തവ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കണം. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകണമെന്ന കേരള ഹൈക്കോടതി വിധിയിൽ ക്രൈസ്തവ സമൂഹത്തിന് എതിരായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിനെ എതിർക്കുവാൻ യുഡിഎഫ് തയ്യാറാണോ എന്ന് പ്രസ്താവിക്കണം. ജാതി സെൻസസ് നടപ്പിലാക്കുമ്പോൾ സംവരണം നിലവിൽ നിഷേധിക്കപ്പെട്ട ക്രൈസ്തവ സമൂഹത്തിന്റെ അവസ്ഥ എന്താകും എന്ന് വ്യക്തമാക്കണം. സംവരണം 50 ശതമാനത്തിൽ അധികമാകുമ്പോൾ ക്രൈസ്തവ സമൂഹത്തിന്റെ നില കൂടുതൽ പരിതാപകരമാക്കാൻ ആയിരിക്കും അത് സഹായിക്കുക. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമത്തിലെ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പുകൾ നീക്കം ചെയ്യണം.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമത്തിൽ രണ്ടാമത്തെ അംഗം മറ്റൊരു ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ഉള്ളതായിരിക്കണം എന്ന നിബന്ധന എടുത്തു കളഞ്ഞുകൊണ്ട് അതും ക്രൈസ്തവ സമൂഹത്തിന് നിഷേധിച്ച മന്ത്രി ജലീലിന്റെ ക്രൈസ്തവ സമൂഹത്തോടുള്ള നീതി നിഷേധം തിരുത്തുവാൻ രണ്ടാം പിണറായി സർക്കാരും തയ്യാറായിട്ടില്ല. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവ സമൂഹത്തിന് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകണമെന്ന ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാർ ക്രൈസ്തവർക്കെതിരായി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത് ദൗർഭാഗ്യകരമാണ.് ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഓരോന്നായി സർക്കാർ നിർത്തലാക്കി. ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്ക് പട്ടികജാതി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തിരികെ നൽകുവാൻ സർക്കാർ തയ്യാറാകണം. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ രൂപത്തിൽ ക്രൈസ്തവ പൂർണ്ണസമയ സുവിശേഷ പ്രവർത്തക ക്ഷേമനിധി ബോർഡ് അടിയന്തരമായി രൂപീകരിക്കണം. ഇപ്രകാരം ഒരു ക്ഷേമനിധി ബോർഡ് രൂപീകരിക്കുമ്പോൾ ഉണ്ടാകാവുന്ന സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ക്രൈസ്തവ സഭാ നേതൃത്വവുമായി ആലോചിച്ച് അതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടാക്കുവാൻ തയ്യാറാകണം. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷമായിട്ടും നാളിതുവരെ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയത് സർക്കാരിന്റെ ഭാഗത്തുനിന്നും ക്രൈസ്തവ സമൂഹത്തോടുള്ള താൽപര്യക്കുറവ് വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങൾ അടിച്ചമർത്തുന്നതിനും കുറ്റക്കാരായ അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും കേന്ദ്ര സർക്കാർ തയ്യാറാകണം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി ഒരു ചെറുവിരൽ പോലും അനക്കാതെ രാഷ്ട്ര പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തടയണം. കേന്ദ്രസർക്കാരിന്റെ അറിവോടുകൂടി അല്ല എങ്കിൽ പോലും കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടികൾക്ക് പിന്തുണ അർപ്പിക്കുന്ന പ്രവർത്തകർ നടത്തുന്ന അക്രമങ്ങളെ തള്ളിപ്പറയുവാൻ സർക്കാർ തയ്യാറാകണം. നൂപുർ ശർമ്മയ്‌ക്കെതിരെ നടപടിയെടുത്തതുപോലെ ക്രൈസ്തവ സമൂഹത്തിന് നേരെ അതിക്രമം നടത്തുന്ന പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണം. യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കണം എന്ന് പറയുന്ന സർക്കാർ മതത്തിന്റെ പേരിൽ വിവേചനപരമായ നിയമങ്ങൾ ഇല്ലാതാക്കണം. അതിൽ ആദ്യമായി ചെയ്യേണ്ടത് ദളിത് ക്രൈസ്തവർക്ക് അവരുടെ മതവിശ്വാസത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ട സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തിരിച്ചു നൽകുവാൻ ക്രമീകരണം ചെയ്യുക എന്നുള്ളതാണ.് മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിലൂടെ ക്രൈസ്തവ സമൂഹത്തിനു നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുവാൻ കർശന നടപടിയെടുക്കണം. ഇക്കാര്യങ്ങളിൽ മുന്നണി നേതൃത്വം അവരുടെ നിലപാട് അറിയിക്കുകയും മുന്നണികളുടെ പ്രതികരണവും സ്ഥാനാർത്ഥികളുടെ മികവും മനസ്സിലാക്കി തെരഞ്ഞെടുപ്പിൽ പ്രതികരിക്കുകയും ചെയ്യണം എന്ന് കെ.സി.സി. യോഗങ്ങളിൽ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ അറിയിച്ചു.

ഫോട്ടോ : കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ മുന്നണി നേതാക്കളുമായി തിരുവനന്തപുരത്ത് നടത്തിയ സംവാദം മാത്യൂസ് മാർ സിൽവാനിയോസ് ഉദ്ഘാടനം ചെയ്യുന്നു. മോജർ ആശാ ജസ്റ്റിൻ, സബീർ തൊളിക്കുഴി, ബിഷപ്പ് ഡോ. ഓസ്റ്റിൻ എം.എ. പോൾ, കെ. എസ്. ശബരിനാഥൻ, ഡോ. പ്രകാശ് പി. തോമസ്, ബിജു മാത്യു എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *