പത്തനംതിട്ട – പെരുനാട്ടിലടക്കം കേരളത്തിലെ എല്ലാ നാട്ടിൻപുറങ്ങളിൽ അന്യം നിന്നുപോകുന്ന നെൽകൃഷിയെ കൂടുതൽ സജീവമാക്കി പരിപോഷിപ്പിക്കാനൊരുങ്ങി പെരുനാടിലെ കർഷകർ. ളാഹ എസ്റ്റേറ്റിന്റെ സമീപം ബഥനി മലയുടെ താഴ്‌വരയിൽ ആരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ നിർവഹിച്ചു. കൃഷിഭവന്റെയും രാധമണി, മിതു ഭവൻ എന്ന വനിതാ കർഷകയുടെയും ശ്രമഫലമായി പാട്ടത്തിനെടുത്ത അഞ്ച് ഏക്കറിൽ ഒന്നര ഏക്കറിലാണ് നെൽക്കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബാക്കി ഭൂമിയിൽ ചോളം, ചീര തുടങ്ങിയ വിളകൾ ആരംഭിക്കാനുള്ള പ്രവൃത്തികൾ നടന്നു വരുന്നു.

കൃഷിഭവന്റെ മേൽനോട്ടത്തിൽ ആലപ്പുഴയിൽ നിന്നും എത്തിച്ച ഞാർ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. മലയോര പഞ്ചായത്തായ റാന്നി പെരുനാടിൽ സമാനമായി ലഭ്യമായ മുഴുവൻ ഭൂമിയിലും വരും നാളുകളിൽ നെൽകൃഷി ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡി ശ്രീകല, കാർഷി കർമസേന പ്രസിഡന്റ് എം കെ മോഹൻദാസ്, കൃഷി ഓഫീസർ റ്റി എസ് ശ്രീതി , കൃഷി അസ്സിസ്റ്റന്റുമാരായ എൻ ജിജി, സി രഞ്ജിത് , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു


