സന്നിധാനം – മണ്ഡലകാലത്ത് നവംബർ 17 മുതൽ ഡിസംബർ 27 വരെ ഇടതടവില്ലാതെ 41 ദിവസവും വൈദ്യുതി നൽകി കേരള സംസ്ഥാന വൈദ്യുതി ബോർഡ്. മണ്ഡലകാലത്തിനു രണ്ടുമാസം മുൻപ് തന്നെ അറ്റകുറ്റപ്പണികൾ കെഎസ്ഇബി ആരംഭിച്ചിരുന്നു. ദേവസ്വം ബോർഡിന്റെയും കേരള ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്.
മണ്ഡല പൂജയ്ക്കു ശേഷം നടയടച്ച 28, 29 തീയതികളിൽ അടുത്ത 21 ദിവസത്തേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് കെഎസ്ഇബി.
പമ്പ മുതൽ സന്നിധാനം വരെയുള്ള എല്ലാ ട്രാൻസ്ഫോർമറുകളും ലൈനുകളും പൂർണമായി പരിശോധിച്ച് അറ്റകുറ്റ പണികൾ നടത്തി ഇടതടവില്ലാതെ വൈദ്യുതി നൽകാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരുന്നു. പമ്പയിലും സന്നിധാനത്തുമായി 25 സ്ഥിര ജീവനക്കാരും കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരും കർമ്മനിരതരായി പ്രവർത്തിച്ചുവരുകയാണെന്ന് സന്നിധാനം അസിസ്റ്റന്റ് എൻജിനീയർ അനിൽകുമാർ പറഞ്ഞു.



