മേജർസെറ്റ് കഥകളി
സന്നിധാനം – ശബരിമലയിൽ കഥകളിയുടെ കേളികൊട്ടുണർത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ‘മണികണ്ഠ ചരിതം’ അരങ്ങേറി. അയ്യപ്പസന്നിധിയിൽ മേജർസെറ്റ് കഥകളി അരങ്ങേറിയപ്പോൾ കാണികളായി വന്ന ഭക്തർക്കും കൗതുകം. കൊല്ലം കരുനാഗപ്പള്ളി മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൽ നിന്നും 30 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയിൽ കഥകളി അവതരിപ്പിച്ചത്. കൊല്ലം പരവൂർ സ്വദേശി ബിജു വനമാലി രചിച്ച മണികണ്ഠ ചരിതം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങിൽ അവതരിപ്പിച്ചത്. അഞ്ചു വയസുകാരനായ കന്നി സ്വാമി അദ്വൈത് പ്രശാന്ത് ശബരിമല ധർമ്മശാസ്താവിൻ്റെ പ്രതിഷ്ഠാ രൂപത്തിൽ അരങ്ങിൽ നിറഞ്ഞാടി. മക്കളില്ലാതിരുന്ന പന്തള രാജാവിനു മണികണ്‌ഠനെ ലഭിക്കുന്നതു മുതൽ ശബരിമലയിൽ പ്രതിഷ്ഠ നടത്തുന്നതു വരെയുള്ള കഥാസന്ദർഭമാണ് അവതരിപ്പിച്ചത്.
പന്തള രാജാവായി കലാമണ്ഡലം ബാലകൃഷ്ണനും, റാണിയായി കലാമണ്ഡലം വിശാഖും, സന്യാസിയായി കലാമണ്ഡലം രാജശേഖർ, മന്ത്രിയായി കലാമണ്ഡലം പാർത്ഥസാരഥി, വൈദ്യരായി കലാമണ്ഡലം അനിൽ കുമാർ, മണികണ്ഠനായി കലാമണ്ഡലം പ്രശാന്ത്, വാവരായി കലാമണ്ഡലം ഹരി മോഹൻ, പുലിയായി കലാമണ്ഡലം അഭിജിത്ത്, പരശുരാമനായി കലാമണ്ഡലം അഭിജിത്ത്, മേൽശാന്തിയായി കലാമണ്ഡലം ഹരി മോഹൻ, സ്വാമിമാരായി ആദിത്യൻ അനിൽ ,തീർത്ഥ അനിൽ, മാളികപ്പുറമായി അഭിജിത്ത് പ്രശാന്ത് മണ്ണാർകാവ് എന്നിവരും വേഷമിട്ടു.

കലാമണ്ഡലം യശ്വന്ത്, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം ജീവൻ, ആദിത്യൻ അനിൽഎന്നിവർ കഥകളി സംഗീതം അവതരിപ്പിച്ചു.വാദ്യശ്രീ കലാമണ്ഡലം രാധാകൃഷ്ണൻ, കലാഭാരതി സുമേഷ്, കലാമണ്ഡലം ശ്രീ ഹരി എന്നിവർ ചെണ്ട,കലാനിലയം സുഭാഷ് ബാബു, കലാഭാരതി സുമേഷ് എന്നിവർ ചെണ്ട,
ഏവൂർ മധു, കലാമണ്ഡലം അജി കൃഷ്ണൻ, കലാമണ്ഡലം ദീപക് എന്നിവർ മദ്ദളം എന്നിങ്ങനെ മേളം അവതരിപ്പിച്ചു. ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും ശ്രീകൃഷ്ണവിലാസം കഥകളിയോഗം പോരുവഴി ചമയവും അവതരിപ്പിച്ചു. പോരുവഴി വാസുദേവൻ പിള്ള, തേവലക്കര രാജൻ പിള്ള, അരുൺ അശോകൻ പന്മന , അശോകൻ പന്മന, എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. പ്രഭാകരൻ ഉണ്ണിത്താൻ കഥകളി സംഘത്തിന്റെ മാനേജറാണ്.



