പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാറും : വെട്ടിനിരത്താൻ സിപിഐ യും ഒട്ടും പിന്നിലല്ല !!

Kerala Pathanamthitta Politics

പത്തനംതിട്ട – സിപിഐ ജില്ലാ സെക്രട്ടറി എപി ജയനെതിരേ അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് ആരോപണം മറയാക്കി നടപടിക്ക് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നതിനിടെയാണ് ജില്ലാ കൗൺസിലിൽ വെട്ടി നിരത്തലിന് ജയൻ പക്ഷം ശ്രമിക്കുന്നുവെന്ന് ആക്ഷേപം. ജയനെതിരേ പരാതി നൽകിയ ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയുള്ള വെട്ടിനിരത്തിലുകൾ നടക്കുന്നുവെന്നാണ് ആരോപണം.

അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് ജയനെതിരേ അന്വേഷണത്തിന് നാലംഗ കമ്മിഷനെ സംസ്ഥാന എക്‌സിക്യൂട്ടീവ് നിയോഗിച്ചിരുന്നു. ഇതിന്മേൽ ജയൻ നൽകിയ വിശദീകരണം സംസ്ഥാന എക്‌സിക്യൂട്ടിവ് തള്ളി. 30 ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഇതോടെയാണ് ജില്ലയ്ക്കുള്ളിൽ സെക്രട്ടറിയൂടെ നേതൃത്വത്തിൽ വെട്ടിനിരത്തലിന് കളമൊരുങ്ങിയിരിക്കുന്നതത്രേ. ജയനെതിരേ പരാതി നൽകിയ ശ്രീനാദേവി കുഞ്ഞമ്മ ജില്ലാപഞ്ചായത്തംഗമാണ്. എൽഡിഎഫിലെ ധാരണ പ്രകാരം അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ശ്രീനാദേവിക്കാണ് ലഭിക്കേണ്ടത്. ഇതിന് തടയിടാൻ ജയനും സംഘവും ശ്രമിക്കുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ചേരിതിരിഞ്ഞ് വാക്‌പോര് നടത്തി. പരസ്പരം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. ജയൻ, ജില്ലാ കൗൺസിൽ അംഗം അരുൺ കെ.എസ്. മണ്ണടി എന്നിവർക്കെതിരേ എന്നിവർക്കെതിരെ അന്വേഷണം നടത്താനും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയായിരുന്ന അബ്ദുൾ ഷുക്കൂറിനെ ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കാനുംതീരുമാനിച്ചതാണ് ഒരു വിഭാഗം അംഗങ്ങളുടെ എതിർപ്പിനും വാദപ്രതിവാദങ്ങൾക്കും ഇടയാക്കിയത്.

കഴിഞ്ഞ സമ്മേളനത്തിൽ പത്തനംതിട്ട മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷുക്കൂറിനെ മാറ്റി ഹരിദാസിനെ സെക്രട്ടറിയാക്കിയിരുന്നു. ഒമ്പത് മാസം മുൻപ് പാർട്ടിയെ അറിയിക്കാതെ ഷുക്കൂർ നീണ്ട അവധിയെടുത്തിരുന്നു. മൂന്നാറിൽ നിന്നു കൊണ്ട് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. അതിന് ശേഷം അവധിക്ക് അപേക്ഷ കൊടുത്തുവെങ്കിലും ജില്ലാ കൗൺസിൽ അംഗീകരിച്ചില്ല. ആദ്യം വി.കെ. പുരുഷോത്തമൻ പിള്ളയ്ക്ക് താൽക്കാലിക ചുമതല നൽകി. പിന്നീട് ഹരിദാസിനെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. സിപിഐ ജില്ലാ ട്രഷററുടെ സ്ഥാപനത്തിൽ നിന്ന് എടുത്ത വായ്പയ്ക്ക് മേൽ നിയമ നടപടി വന്നതും ഷുക്കൂറിനെതിരായ നടപടിക്ക് കാരണമായെന്ന് പറയുന്നു.

എ.പി ജയനെ എതിർക്കുന്ന നേതാക്കളെ വെട്ടിനിരത്താൻ നീക്കം നടക്കുന്നുവെന്നാണ് ആക്ഷേപം. ശ്രീനാദേവി കുഞ്ഞമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ ജയൻ പക്ഷം തയാറല്ല. ശ്രീനാദേവി കൊല്ലം ജില്ലക്കാരിയാണ് എന്നാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന ആക്ഷേപം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാലത്ത് മുൻ ജില്ലാ പഞ്ചായത്തംഗം പ്രീതാ രമേശിന് സീറ്റ് കൊടുക്കാതിരിക്കാൻ വേണ്ടി ജയനും കൂട്ടരും ശ്രമിച്ചതിന്റെ ഫലമായിട്ടാണ് കൊല്ലം ജില്ലയിൽ നിന്ന് ശ്രീനാദേവിയെ കൊണ്ടു വന്നത്. ഇതിനായി ഇവരെ പള്ളിക്കൽ ഡിവിഷനിൽ വാടകയ്ക്ക് താമസിപ്പിക്കുകയും ആധികാരിക രേഖകൾ തയാറാക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തംഗമായതിന് പിന്നാലെ ശ്രീനാ ദേവിയും ജയനുമായി തെറ്റി. ഇതേ തുടർന്നാണ് ജയനെതിരേ ശ്രീനാദേവി പരാതി നൽകിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി പി.പ്രസാദ് എന്നിവർ അടങ്ങുന്ന വിഭാഗം ജയന് എതിരാണ്.

രാജി രാജപ്പൻ എന്ന ഒരു ജില്ലാ പഞ്ചായത്തംഗം കൂടി സിപിഐയ്ക്കുണ്ട്. ആദ്യ ടേമിൽ രാജി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഒരു വർഷത്തിന് ശേഷം എൽഡിഎഫിലെ ധാരണ പ്രകാരം ഇവർ രാജി വച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഉണ്ടാക്കിയ ധാരണ പ്രകാരം മൂന്നു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും അടുത്ത ഒരു വർഷം സിപിഐയ്ക്കും അവസാന ഒരു വർഷം കേരളാ കോൺഗ്രസ് എമ്മിനുമാണ്. നിലവിൽ സിപിഐയ്ക്ക് രണ്ട് അംഗങ്ങൾ ഉള്ള സാഹചര്യത്തിൽ ശ്രീനാദേവിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിവാക്കാൻ തന്നെയാണ് ജയൻ പക്ഷത്തിന്റെ തീരുമാനം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *