ന്യൂയോർക്ക് – അമേരിക്കയുടെ ആരോഗ്യ വിഭാഗം ആണ് ഇക്സ് ചിക് എന്ന വാക്സീന് അംഗീകാരം നൽകിയിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീൻ എടുക്കാമെന്നാണ് നിർദ്ദേശം. ചിക്കുൻഗുനിയ എന്നത് ഒരു കൊതുക് ജന്യരോഗമാണ്. 1952ൽ ടാൻസാനിയയിലാണ് ആദ്യമായി വന്നത് എന്നാണു ചരിത്രം പറയുന്നത്. പിന്നീട് ആഫ്രിക്ക, ഏഷ്യ തുടങ്ങി എല്ലാ വൻകരകളിലേക്കും രോഗം വ്യാപിച്ചു. 15 വർഷത്തിനിടെ 50 ലക്ഷം പേർക്ക് ചിക്കുൻ ഗുനിയ എന്ന രോഗം ബാധിച്ചു എന്നാണ് കണക്ക്. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുൻഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്സീൻറെ കണ്ടെത്തൽ ഏറെ പ്രസക്തമാണ്.
ചിക്കുൻഗുനിയ ബാധിച്ച രോഗികൾക്ക് സാധാരണയായി അണുബാധയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ വൈറീമിയ ഉണ്ടാകുന്നു. വൈറസ് നേരിട്ട് ശരീര സന്ധികളിൽ ആക്രമിക്കുന്നു. വിട്ടുമാറാത്ത ആർത്രൈറ്റിസ് രോഗബാധിതരായ 60 ശതമാനം ആളുകളിലുമുണ്ടാവുന്നു. 40 മുതൽ 75 ശതമാനം രോഗികളിൽ ചർമ രോഗവുമുണ്ടാകുന്നു. ചുണങ്ങ് സാധാരണയായി അസുഖം ആരംഭിച്ച് മൂന്ന് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും.
രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടുന്നതിലാണ് ഇതുവരെ ചികിത്സ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ വാക്സീൻറെ കണ്ടുപിടിത്തം ഈ രോഗത്തിന് ഏറെ ആശ്വാസമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യയിലേക്ക് ഇതെത്താൻ കാലതാമസം എടുത്തേക്കും.


