എടത്വ: തകഴി ലെവൽ ക്രോസിൽ മേൽപാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ പ്രതിഷേധ നില്പ് സമരം നാളെ രാവിലെ 9.30ന് തകഴി റെയിൽവേ ഗേറ്റിന് സമീപം നടത്തുമെന്ന് ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.
സീനിയർ വൈസ് പ്രസിഡൻ്റ് ജോർജ്ജു് തോമസ് കളപ്പുര അധ്യക്ഷത വഹിക്കും.പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ മുഖ്യ സന്ദേശം നല്കും. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുകയാണ്. ഇരട്ടപാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.ഹരിപ്പാട് ഭാഗത്തു നിന്ന് ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും നൂറ്റമ്പതിലധികം ബസുകൾ ഈ വഴി രാവിലെ 5.30 മുതൽ ട്രിപ്പുകൾ നടത്തുന്നുണ്ട്.’ലെവൽ ക്രോസ് മുക്ത കേരളം’ പദ്ധതിയിലൂടെ തകഴിയിൽ ലെവൽക്രോസ് ഒഴിവാക്കി മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മൃതിമണ്ഡപത്തിന് സമീപത്തെ റെയിൽവെ ക്രോസ് തകരാറുമൂലം പലപ്പോഴും അടഞ്ഞുകിടക്കുന്നത് മൂലം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന രോഗികളുടെ ജീവന് പോലും ഭീഷണിയാകുന്നുണ്ട്.കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തിരക്കേറിയ റൂട്ടാണ് അമ്പലപ്പുഴ-തിരുവല്ല റോഡ്.അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്.അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നു. പുറക്കാട് സ്മ്യതി വനത്തിലെ പുൽത്തകിടിക്കും വൈദ്യുതി പോസ്റ്റിനും തീ പിടിച്ചപ്പോൾ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിട്ടോളം കുരുക്കിൽ കിടക്കേണ്ടി വന്നു.
തകഴി റെയില്‍വേ ഗേറ്റില്‍ വലിയ ക്രെയിനുമായി എത്തിയ ലോറി റെയില്‍വേ ക്രോസ് ബാറിലിടിച്ചതിനെ തുടര്‍ന്ന് തകഴിയില്‍ ദീർഘസമയം ഗതാഗത കുരുക്ക് അനുഭവപെട്ടു.കഴിഞ്ഞ ദിവസവും ഇതുപോലെയുള്ള സംഭവം നടന്നു. അത്യാസന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഗതാഗ കുരുക്കിൽ പെടുന്നത് നിത്യസംഭവമാണ്.
ഈ കാരണങ്ങൾ എല്ലാം കണക്കിലെടുത്ത് ഇതിലെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുണ്ടാകുന്ന യാത്രക്ലേശം പരിഹരിക്കാൻ തകഴിയിൽ മേൽപാലം പണിയാൻ നടപടി ഉണ്ടാകണമെന്നാണ് എടത്വ വികസന സമിതി ആവശ്യപെടുന്നത്.


