പത്തനംതിട്ട: റബർ ചണ്ടി മോഷ്ടിച്ചു വിറ്റുവെന്നും പണം തിരികെ തരണമെന്നും ആവശ്യപ്പെട്ട് ടാപ്പിങ് തൊഴിലാളിയെ മർദിച്ച് ചണ്ടിയാക്കി വഴിയിൽ ഉപേക്ഷിച്ചു. അവശനിലയിൽ പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയ യുവാവിന്റെ മൊഴി പ്രകാരമെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. മൂന്നാമന് വേണ്ടി അന്വേഷണം. കലഞ്ഞൂർ പാടം പാറയിൽ രാധികാ ഭവനിൽ രാഹുൽ വി നായർക്കാണ്(34) മർദനമേറ്റത്.
കൊടുമൺ അനിൽ ഭവനം ഡേവിഡ് (48), അങ്ങാടിക്കൽ തെക്ക് അനു ഭവനം അനു (44) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി ഷിനുവിന് വേണ്ടി തെരച്ചിൽ തുടരുന്നു. വെള്ളിയാഴ്ച്ച രാത്രി 9.30 നാണ് സംഭവം. കൊടുമൺ പോലീസ് സ്റ്റേഷന് മുൻവശം റോഡിൽ നിന്നാണ് പ്രതികൾ ശ്രീരാജിനെ വലിച്ചു കാറിൽ കയറ്റിക്കൊണ്ടു പോയത്. ഡേവിസ് പാട്ടത്തിനെടുത്ത തോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയാണ് രാഹുൽ. ഇയാൾ റബർ ചണ്ടി മോഷ്ടിച്ചു വിറ്റുവെന്ന് ഡേവിഡിന് സംശയം ഉണ്ടായിരുന്നു. തുടർന്ന് മൂന്നാം പ്രതിയായ ഷിനുവിനെ കൊണ്ട് രാഹുലിനെ വിളിപ്പിച്ചു. റബർ ചണ്ടി മോഷ്ടിച്ചുവെന്ന് കൊടുമൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എത്രയും വേഗം സ്‌റ്റേഷനിൽ എത്തണമെന്നും പറഞ്ഞു.
ഇവർ ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷന് മുന്നിൽ റോഡിലെത്തിയ രാഹുലിനെ തടഞ്ഞു വച്ച് ദേഹോപദ്രവം ഏൽപ്പിച്ചു. ഷിനു കാറിന്റെ പിൻസീറ്റിൽ വലിച്ചു കയറ്റുകയും ചെയ്തു. ചണ്ടി വിറ്റുകിട്ടിയ പണം എവിടെ എന്ന് ചോദിച്ചു കൊണ്ട് മർദനം തുടങ്ങി. സീറ്റിന് അടിയിൽ കിടത്തിയുംം ചവിട്ടിക്കൂട്ടി. രാത്രി 11.30 വരെ കൊടുംമർദനം അഴിച്ചു വിട്ടു. തുടർന്ന് കൊടുമൺ കോടിയാട്ടുകാവ് ക്ഷേത്രത്തിനു സമീപം റോഡിൽ ഇറക്കിവിട്ടു.
പിന്നീട് രാഹുൽ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. എവിടെയൊക്കെയോ സഞ്ചരിച്ച് ഉടനീളം മർദ്ദനം തുടർന്നതായി മൊഴിയിൽ പറയുന്നു. സംഭവശേഷം പ്രതികൾ ഒളിവിൽ പോയി. ഇന്നലെ രാവിലെയാണ് രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൂന്നാം പ്രതിയുടെ ഫോണിന്റെ വിളികളുടെ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
പോലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്.ഐ. രതീഷ്‌കുമാർ, സിപിഓമാരായ കിച്ചു, അനൂപ്, ശരത്, ബിജു എന്നിവരാണുള്ളത്.


