ഇടുക്കി: സാധാരണക്കാരുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് പണം തട്ടിയെടുത്ത് മുങ്ങുന്ന സംഘങ്ങൾ ജില്ലയിൽ വീണ്ടും സജീവമാകുന്നു. കള്ളനോട്ട്, നോട്ട് ഇരട്ടിപ്പ്, വിദേശ ജോലി, നക്ഷത്ര ആമ, ആനക്കൊമ്പ് തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചാണ് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി വൻ സംഘങ്ങൾ മുങ്ങുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ വല വീശുന്നത്. അടുത്തിടെയായി നിരവധി പേരാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ അകപ്പെട്ട് ജില്ലയിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് കള്ളനോട്ട് വിതരണം ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്.
ചെന്നെ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവർക്ക് കള്ളനോട്ടുകൾ വിതരണം ചെയ്തത്. നോട്ട് ഇരട്ടിപ്പെന്ന പേരിലായിരുന്നു ഈ കള്ളനോട്ട് ഇടപാട് .5000 രൂപ കൊടുത്താൽ 10,000 രൂപയുടെ കള്ളനോട്ട് നൽകുന്നതിനാണ് നോട്ട് ഇരട്ടിപ്പെന്ന് ഇവർ പറയുന്നത്. ഇരട്ടി പണം ലഭിക്കുമെന്ന് വിശ്വസിച്ച് സംഘത്തിന്റെ വലയിൽ പലരും വീണെന്നാണ് വിവരം. പിന്നീടാണ് ലഭിച്ചത് കള്ളനോട്ടാണെന്ന് പലരും തിരിച്ചറിഞ്ഞത്. കേസിൽ അകപ്പെടുമെന്ന് ഭയന്ന് തട്ടിപ്പിനിരയായവർ പോലും ഇക്കാര്യം പുറത്ത് വിടില്ല.
ഇതിനു സമാനമായിരുന്നു കട്ടപ്പന, കോഴിമല കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ്. സ്ത്രീകളടക്കമുള്ളവരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തിരുവനന്തപുരം സ്വദേശിയാണ് അറസ്റ്റിലായത്. ഇവിടെയും നോട്ടിരപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. പണം നൽകിയാൽ ഇരട്ടിയായി മടക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളിൽ നിന്നും പ്രതി പണം കൈക്കലാക്കിയത്. സിനിമാ മേഖലയിൽ പണം നിക്ഷേപിക്കുമെന്നും ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം. ലക്ഷങ്ങളാണ് വീട്ടമ്മയ്ക്ക് നഷ്ടമായത്. നക്ഷത്ര ആമ, ആനക്കൊമ്പ് തുടങ്ങി പല പേരിലും ഇത്തരത്തിൽ തട്ടിപ്പ് നടത്താറുണ്ട്.
വലിയ തുക ലഭിക്കുമെന്ന് വിശ്വസിച്ച് തട്ടിപ്പ് സംഘത്തിന് പലരും ലക്ഷങ്ങൾ നൽകും. കടം വാങ്ങിയും ലോൺ എടുത്തും മറ്റുമാണ് പണം നൽകുന്നത്. പണം കൈക്കലാക്കിയാൽ ഇടനിലക്കാർ മുങ്ങും. ഇതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് ബോധ്യമാകുന്നത്. നിയമ വിരുദ്ധ പ്രവർത്തനമായതിനാൽ പണം നഷ്ടമായാലും പരാതി നൽകാൻ സാധിക്കാത്തതാണ് സ്ഥിതി.
കോവിഡ് വ്യാപനം കുറഞ്ഞതോടെ ബാങ്കുകൾ ജപ്തി അടക്കമുള്ള നടപടികളിലേക്ക് കടന്നതാണ് ആളുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഇടത്തരക്കാരായ പലർക്കും കോവിഡ് വ്യാപനത്തോടെ ലോൺ അടവുകൾ അടക്കം മുടങ്ങിയിരിക്കുകയാണ്. വാഹനങ്ങളുടെ സിസി അടവ് മുടങ്ങിയവരും നിരവധിയാണ്. ജീവിത മാർഗം വഴിമുട്ടി നിൽക്കുന്നവരെ കണ്ടെത്തി പെട്ടെന്ന് പണം സമ്പാധിക്കാനുള്ള മാർഗമായിട്ടാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ രംഗത്തെത്തുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

