കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചാണക വെള്ളം തളിച്ചു ശുദ്ധീകരിച്ചു

Pathanamthitta
Print Friendly, PDF & Email

കോന്നി – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയായി പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് ബ്ലോക്ക് അംഗങ്ങളും,പ്രവർത്തകരും ചേർന്ന് ബ്ലോക്ക് ഓഫീസിൽ ആഹ്ളാദ പ്രകടനം നടത്തി . തുടർന്ന് ബ്ലോക്ക് ഓഫീസ് മുൻ ഭാഗം പാഞ്ചി ഇലയിൽ ചാണക വെള്ളം തളിച്ച് ശുദ്ധീകരിക്കുകയും ചെയ്തു.

കൂറുമാറ്റ നിരോധനനിയമപ്രകാരമാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യയാക്കിയത് . കോൺഗ്രസ് അംഗമായി ജയിച്ച ജിജി സജി എൽ.ഡി.എഫിലേക്ക് കൂറുമാറിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്.തുടർന്ന് ഇവരെ അയോഗ്യ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയിരുന്നു.

കോൺഗ്രസ് നേതൃത്വത്തിന്റെ വിപ്പ്, ജിജി ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിഷന്റെ നടപടി.ജിജിയ്ക്ക് അയോഗ്യതയായയതോടെ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങൾ വീതമായി.2020 ഡിസംബറിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇളകൊള്ളൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായാണ് ജിജി സജി വിജയിച്ചത്. എതിർസ്ഥാനാർഥിയായിരുന്ന റൂബി സാം തെക്കിനേത്തിനെ 738 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റ് യു.ഡി.എഫും ആറെണ്ണം എൽ.ഡി.എഫും നേടി.

വനിതാ സംവരണമായിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് ജിജി സജി അവകാശം ഉന്നയിച്ചിരുന്നു.കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയും യു.ഡി.എഫ്. മണ്ഡലം നേതൃത്വവും തണ്ണിത്തോട് ഡിവിഷനിൽ നിന്നുള്ള എം.വി. അമ്പിളിയെ പ്രസിഡന്റായി നിശ്ചയിച്ചു.ഇതോടെ യു.ഡി.എഫ്. നേതൃത്വവുമായി അകന്ന ജിജി 2021 ജൂലായ് 28-ന് എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചു.ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. 2021 ആഗസ്റ്റ് 25-ന് എൽ.ഡി.എഫ്. പിന്തുണയോടെ ജിജി സജി ബ്ലോക്ക് പ്രസിഡന്റായി.കോൺഗ്രസിന്റെ പരാതിയിൽ രണ്ടുമാസം മുൻപെ കമ്മിഷൻ സാക്ഷിവിസ്താരം പൂർത്തിയാക്കിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *