ഹരിവരാസനം പുരസ്‌കാര സമർപ്പണം നാളെ

Pathanamthitta
Print Friendly, PDF & Email

സന്നിധാനം – ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാഗസ്വര കലാകാരൻ തിരുവിഴ ജയശങ്കറിന് നാളെ (ജനുവരി 14) ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും. രാവിലെ 10 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമർപ്പണം. പ്രമോദ് നാരായണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു ജനീഷ് കുമാർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ സംസാരിക്കും. റവന്യൂ, ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപത്രം പാരായണം ചെയ്യും. ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ എസ് സിരിജഗൻ, തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ഓംബുഡ്‌സ്മാൻ കെ. രാമകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

ഭക്തിഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഹരിവരാസനം പുരസ്‌കാരത്തിന് തിരുവിഴ ജയശങ്കറെ തെരഞ്ഞെടുത്തത്. അയ്യപ്പഭക്തിഗാനങ്ങളും ശരണമന്ത്രങ്ങളും നാഗസ്വരത്തിലൂടെ ആവിഷ്‌കരിച്ച് ആത്മീയ സംഗീതത്തിന് പുതിയ ഭാവം നൽകുകയും സംഗീതത്തെ ജനകീയമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്.

ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാജു, പി.ഡി സന്തോഷ്‌കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ചീഫ് പോലീസ് കോർഡിനേറ്റർ എസ്. ശ്രീജിത്ത്, എ.ഡി. എം. അരുൺ. എസ്. നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ബി സുനിൽകുമാർ, മറ്റ് ഉദ്യോഗസ്ഥർ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *