വയ്യാറ്റുപുഴ വി.കെ.എന്‍.എം.വി.എച്ച്.എസ്.എസില്‍ കോടതി വിധി മറി കടന്ന് അദ്ധ്യാപക നിയമനത്തിന് ശ്രമമെന്ന് കെ.വി.എം.എസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു

Pathanamthitta Kerala
Print Friendly, PDF & Email

പത്തനംതിട്ട – കേരള വെള്ളാള മഹാസഭയുടെ (കെ.വി.എം.എസ്.) ഉടമസ്ഥതയിലുള്ള വയ്യാറ്റുപുഴ വി.കെ.എന്‍.എം.വി.എച്ച്.എസ്.എസില്‍ കോടതി വിധി മറികടന്ന് അധ്യാപക നിയമനത്തിന് ശ്രമം നടക്കുന്നുവെന്ന് കെ.വി.എം.എസ് സംസ്ഥാന കമ്മിറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചു. റിട്ട. ആര്‍.ഡി.ഒ. എന്‍. മഹേശന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സ്വാധീനിച്ച് സ്‌കൂള്‍ സൊസൈറ്റിയുടെ ബൈലോ തിരുത്തി തെറ്റായി അംഗീകരിപ്പിച്ചാണ് നിയമനം നടത്താനുള്ള നീക്കം നടക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.

ഇല്ലാത്ത തസ്തികയിലേക്ക് നിയമനം നടത്താന്‍ ശ്രമിച്ചത് നേരത്തെ വിദ്യാഭ്യാസ വകുപ്പ് തടഞ്ഞിരുന്നു. 2000ല്‍ പൊതുയോഗം ചര്‍ച്ച ചെയ്ത് പത്തനംതിട്ട രജിസ്ട്രാര്‍ അംഗീകാരം നല്‍കിയ സൊസൈറ്റി ബൈലോ നാളിതുവരെ തിരുത്തിയിട്ടില്ലെന്നാണ് കെ.വി.എം.എസ്പറയുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അംഗീകരിച്ച ബൈലോയില്‍ ഈ വിവരം സത്യവാങ്മൂലമായി എഴുതിച്ചേര്‍ത്തിട്ടുമുണ്ട്.
എന്നാല്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍നിന്ന് വിവരാവകാശം വഴി ലഭിച്ച രേഖയില്‍ രണ്ട് വ്യത്യസ്ത ബൈലോകളാണ് ലഭിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. റാന്നി പോലീസ്, പത്തനംതിട്ട പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

മഹാസഭയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെയും കീഴ്ഘടകങ്ങളുടെയും ഉടമസ്ഥതയിലാണ് സ്‌കൂള്‍. 2023 ഒകേ്ടാബര്‍ 1ന് റാന്നി മുന്‍സിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊതുയോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട എന്‍. മഹേശന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് അനധികൃത നിയമനത്തിന് ശ്രമിക്കുന്നത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തെറ്റായി അംഗീകരിച്ച ബൈലോ പ്രധാന തെളിവായി ഹാജരാക്കി മഹേശനും വേണുഗോപാലപിള്ളയും വിദ്യാഭ്യാസ വകുപ്പിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍, സര്‍ക്കാര്‍ അഭിഭാഷകന്‍ ബൈലോ തിരുത്തിയ വിവരം മറച്ചു വച്ച് ഉപാധികളോടെ വിധി സമ്പാദിച്ചു.

തുടര്‍ന്ന്, ഹൈക്കോടതി നിര്‍ദേശിച്ച ഉപാധികള്‍ അംഗീകരിക്കാതെ പത്തനംതിട്ട ഡി.ഇ.ഒ. എന്‍. മഹേശനെ മാനേജരായി നിയമിച്ചു. ഈ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌കൂളില്‍ നിയമനം നടത്തരുതെന്ന് ഇടക്കാല ഉത്തരവിട്ടു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ നിയമനമുള്‍പ്പെടെ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നിരിക്കെ, സ്‌കൂളിലെ എഫ്.ടി.എം, ക്ലാര്‍ക്ക് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരെ അച്ചടക്ക നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഇത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും കെ.വി.എം.എസ്. ആരോപിച്ചു.

2023 ല്‍ സൊസൈറ്റിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 48 ലക്ഷം രൂപ എന്‍. മഹേശന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്തു. നിലവില്‍ അക്കൗണ്ടില്‍ നീക്കിയിരിപ്പില്ല. ഇത്തരം നടപടികള്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും നഷ്ടപ്പെടുത്തിയ പണം തിരിച്ചടക്കണമെന്നും കെ.വി.എം.എസ്. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരള വെള്ളാള മഹാസഭയുടെ അധികാരം നിഷേധിച്ചു കൊണ്ട് എന്‍. മഹേശനെതിരെ ജില്ലാ കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിധി ലംഘിച്ച്, മഹാസഭാ പ്രസിഡന്റായും സ്‌കൂള്‍ മാനേജരായും പദവികള്‍ അവകാശപ്പെട്ട് മഹാസഭ അംഗങ്ങളെയും ഉദ്യോഗാര്‍ഥികളെയും ഇദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ കെ.വി.എം.എസ്. സംസ്ഥാന പ്രസിഡന്റ് കെ. മുകേഷ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മണക്കാട് വി. സുരേഷ്, കുമാര പിള്ള, ജനാര്‍ദനന്‍ പിള്ള, കുമരന്‍ വേലപ്പന്‍, സിന്ധുരാജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *