അടൂർ – മാനദണ്ഡങ്ങളും ചട്ടങ്ങളും മറി കടന്നുവെന്ന ഹർജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും മണ്ണടിയിൽ സഹകരണ ബാങ്ക് സ്ഥാപിക്കുന്ന പെട്രോൾ പമ്പിന്റെ നിർമാണം തുടരുന്നു. അന്തിമവിധി വരുന്നതു വരെ നിർമ്മാണം പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നുമുളള കോടതി ഉത്തരവ് ലംഘിച്ചാണ് നിർമാണം നടക്കുന്നത് എന്ന് ആരോപിച്ച് കോടതിയലക്ഷ്യ ഹർജ്ജി ഫയൽ ചെയ്യുമെന്ന് പരാതിക്കാരൻ അറിയിച്ചു. മണ്ണടി സ്വദേശിയായ സുരേഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിൽ 11 ന് നിർമാണം സ്റ്റേ ചെയ്ത കോടതി എതിർ കക്ഷിയായ പെട്രോളിയം കമ്പനിയോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശിച്ചു. എന്നാൽ, അതിന് മുതിരാതെ പണി തുടരുകയായിരുന്നു. തുടർന്ന് ഹർജിക്കാരൻ നിർമാണം നടക്കുന്ന ഫോട്ടോകളും ദൃശ്യങ്ങളും സഹിതം ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. യാതൊരു എതിർ സത്യവാങ്മൂലവും ഫയൽ ചെയ്യാത്ത സാഹചര്യത്തിൽ തൽസ്ഥിതി നിലനിർത്താൻ കഴിഞ്ഞ 17 ന് ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു. 29 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുൻപായി എതിർ സത്യവാങ്മൂലം നൽകാമെന്നും കോടതി ഉത്തരവിൽ പറയുന്നു.
കടമ്പനാട്- ഏഴംകുളം റോഡരികിൽ മണ്ണടി ജങ്ഷനിൽ കോ- ഓപ്പറേറ്റീവ് ബാങ്കിന് സമീപത്തായിട്ടാണ് പുതിയ പെട്രോൾ പമ്പ് നിർമ്മാണം നടക്കുന്നത്. മണ്ണടി കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഡീലർഷിപ്പ്. ഇതിനെതിരേയാണ് സുരേഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. നാലു കാര്യങ്ങളാണ് ഹർജ്ജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. സ്ഥലം അനുയോജ്യമല്ല എന്നുള്ളതായിരുന്നു ആദ്യത്തേത്. പെട്രോളിയം കമ്പനികൾ നിർദേശിച്ചിരിക്കുന്ന സൈറ്റ് മാപ്പുമായി യോജിക്കുന്നതല്ല നിർദിഷ്ട പമ്പിനുള്ള സ്ഥലം എന്നാണ് ഹർജ്ജിയിൽ ചൂണ്ടിക്കാണിച്ചത്. പമ്പിന് ജില്ലാ കലക്ടർ നൽകിയ എൻ.ഓ.സി പെട്രോളിയം നിയമങ്ങൾ ലംഘിച്ചു കൊണ്ടുള്ളതാണെന്ന് ഹർജ്ജിയിൽ പറയുന്നു. ഇത് പുനഃപരിശോധിക്കണം. സഹകരണ സംഘം രജിസ്ട്രാറുടെ മുൻകൂർ അനുമതി വാങ്ങാതെയാണ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പമ്പ് നിർമാണം തുടങ്ങിയത്. നിർദിഷ്ട പമ്പിന്റെ 10 മീറ്റർ ചുറ്റളവിൽ വീടുകളോ ആൾത്താമസമോ ഉണ്ടാകാൻ പാടില്ലെന്നുണ്ട്. ഇതിന് പുറമേ പമ്പ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തോട് ചേർന്ന് മറ്റൊരു റോഡ് കൂടി കടന്നു പോകുന്നുണ്ട്. ഇതൊക്കെ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജ്ജിയിൽ കഴിഞ്ഞ ഏപ്രിൽ മാസം തന്നെ ഹൈക്കോടതി നിർമാണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അന്തിമ കോടതി വിധി വരുന്ന മുറയ്ക്ക് മാത്രമേ പമ്പ് കമ്മിഷനിങ് പാടുളളൂവെന്നാണ് കോടതി നിർദേശിച്ചിരുന്നത്. അതിനർഥം പണികൾ നിർത്തി വയ്ക്കണമെന്നാണെന്ന് ഹർജ്ജിക്കാരൻ പറയുന്നു.


